വാഹനാപകട കേസ്;നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് സുപ്രിം കോടതി

1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ് കോടതി വിധി

Update: 2022-05-19 10:02 GMT

ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് സുപ്രിംകോടതി.1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ് കോടതി വിധി.

2018ല്‍ ഈ കേസില്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രിംകോടതി പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.ഐപിസി സെക്ഷന്‍ 323 പ്രകാരം സാധ്യമായ പരമാവധി ശിക്ഷയാണ് സിദ്ദുവിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.ഉത്തരവ് പ്രകാരം സിദ്ദുവിനെ പഞ്ചാബ് പോലിസ് കസ്റ്റഡിയില്‍ വാങ്ങും.

2018 മേയ് 15ന് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സിദ്ദുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിങിന്റെ കുടുംബമാണ് പുനപരിശോധന ഹരജി നല്‍കിയത്. 2018 സെപ്റ്റംബറില്‍ സുപ്രിംകോടതി ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. ഹരജിയുടെ അടിസ്ഥാനത്തില്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കും സിദ്ദുവിനും കോടതി നോട്ടിസയച്ചിരുന്നു.

1988 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം.പാട്യാല സ്വദേശിയായ ഗുര്‍നാം സിങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു.

Tags:    

Similar News