'നക്‌സല്‍ ദിനങ്ങള്‍' ആണോ ഷബാനയെ കസ്റ്റഡിയിലെടുക്കാന്‍ കാരണം..? ആര്‍ കെ ബിജുരാജ് പ്രതികരിക്കുന്നു

പത്രപ്രവര്‍ത്തന സ്വാതന്ത്രത്തിനുമേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമായാണ് കല്‍പ്പറ്റ സംഭവത്തെ കാണുന്നതെന്ന് തേജസ് ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു.

Update: 2019-04-04 11:28 GMT

കല്‍പ്പറ്റ: ഡിസി ബുക്‌സ് പുറത്തിറക്കിയ ആര്‍ കെ ബിജുരാജിന്റെ 'നക്‌സല്‍ ദിനങ്ങള്‍' എന്ന് പുസ്തകം കൈവശം വച്ചതാണോ ബിരുദ വിദ്യാര്‍ഥിനി ഷബാന ചെയ്ത കുറ്റമെന്ന് പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി ആര്‍ കെ ബിജുരാജ്. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കുവിധേയമായ ഒരു സംഘടനയെക്കുറിച്ചുള്ള തന്റെ അന്വേഷണമാണ് നക്‌സല്‍ ദിനങ്ങളിലുള്ളത്. നിയമവിരുദ്ധമായ യാതൊന്നും പുസ്തകത്തിലില്ലന്നിരിക്കെ പുസ്തകം കൈവശം വച്ചതിന് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.പത്രപ്രവര്‍ത്തന സ്വാതന്ത്രത്തിനുമേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമായാണ് കല്‍പ്പറ്റ സംഭവത്തെ കാണുന്നതെന്ന് തേജസ് ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു. 2015ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാംപതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുസ്തകത്തിനെതിരേ യാതൊരു നടപടിയും ഇല്ലെന്നിരിക്കെ ഇത്തരമൊരു നടപടി പ്രതിഷേധാര്‍ഹമാണ്. കുന്നിക്കല്‍ നാരായണനില്‍ തുടങ്ങി കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രം സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് ആര്‍ കെ ബിജുരാജ് എഴുതിയ നക്‌സല്‍ ദിനങ്ങള്‍. ഈ പുസ്തകം കൈവശം വച്ചെന്നാരോപിച്ചായിരുന്നു ഇന്ന് രാവിലെ വയനാട്ടില്‍ ഷബാനയെന്ന ബിരുദ വിദ്യാര്‍ഥി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ പര്യടനം നടത്തുന്നതിനിടെ കല്‍പ്പറ്റ ഗവ കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായ ഷബാനയെ മാവോ ബന്ധമാരോപിച്ച് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം, പെണ്‍കുട്ടി പോലിസ് കസ്റ്റഡിയിലായിട്ടും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടാന്‍ പോലിസ് തയ്യാറായിട്ടില്ല.




Similar News