സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി ശുപാര്‍ശ

Update: 2023-11-21 15:54 GMT

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് മുതല്‍ പാഠപുസ്തകങ്ങളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി ഉന്നതതല പാനലിന്റെ ശുപാര്‍ശ. രാമായണം, മഹാഭാരതം എന്നിവ ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹിക ശാസ്ത്ര സിലബസിന്റെ ഭാഗമാക്കുന്നതിന് കമ്മിറ്റി നിര്‍ദേശം നല്‍കിയതായും സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രഫ. സി ഐ ഐസക്ക് അറിയിച്ചു. ഇത് വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹവും ആത്മാഭിമാനവും വളര്‍ത്തിയെടുക്കും. പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് രാജ്യംവിട്ട് മറ്റ് രാജ്യങ്ങളില്‍ പൗരത്വം തേടുന്നത്. ദേശസ്‌നേഹത്തിന്റെ അഭാവമാണ് ഇത്തരം പ്രവണതകള്‍ക്കു കാരണം.

    ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ എഴുതിവയ്ക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ചില വിദ്യാഭ്യാസ ബോര്‍ഡുകള്‍ രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു മിത്തെന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഇതിഹാസങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചില്ലെങ്കില്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും ഐസക് ചോദിച്ചു. നേരത്തേ പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' യ്ക്ക് പകരം 'ഭാരത്' എന്ന് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സിഐ ഐസക്കിന്റെ കീഴിലുള്ള കമ്മിറ്റി ശുപാര്‍ശ നല്‍കിയത് വന്‍ വിവാദമായിരുന്നു.

Tags:    

Similar News