ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും രാമായണത്തില്‍ പരിഹാരമുണ്ട്: അമിത് ഷാ

Update: 2019-09-18 04:48 GMT

ന്യൂഡല്‍ഹി: ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാര രാമായണത്തിലുണ്ടെന്ന് ആഭ്യന്ത്ര മന്ത്രി അമിത് ഷാ. അഞ്ചാമത് അന്താരാഷ്ട്ര രാമായണ ഉല്‍സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ അഞ്ചാം തവണയാണ് അന്താരാഷ്ട്ര രാമായണ ഉല്‍സവം സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ 17 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുകയും രാമായണത്തിന്റെ പതിപ്പുകള്‍ അവതരിപ്പിക്കുകയും ചെയ്തു. വ്യക്തിപരവും സാമൂഹികവും മതപരവും സാംസ്‌കാരികവും ദേശീയവുമായ അതിര്‍വരമ്പുകള്‍ കടന്ന് ലോകത്തെ എല്ലാവരിലേക്കും രാമായണം എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേള സംഘടിപ്പിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സി(ഐസിസിആര്‍)നെ അമിത് ഷാ പുകഴ്ത്തി.

    ഇന്ത്യന്‍ സംസ്‌കാരവും അതിന്റെ മൂല്യങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിച്ച ഐസിസിആറിന്, തങ്ങളുടെ ദൗത്യം സാക്ഷാത്കരിക്കുന്നതില്‍ രാമായണ ഉല്‍സവം സംഘടിപ്പിക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. 'നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിധിയാണ് രാമായണം. ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അതില്‍ പരിഹാരമുണ്ട്. ഒരു മഹാനായ മനുഷ്യന്റെ ജീവിതത്തെയും മൂല്യങ്ങളെയും കുറിച്ച് മഹര്‍ഷി വാല്‍മീകിയുടെ സമാനതകളില്ലാത്ത സൃഷ്ടിയാണിത്. മനുഷ്യജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും ഇത്ര മനോഹരമായി ചിത്രീകരിക്കുകയും ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്നുണ്ടാവുന്ന ധാര്‍മികതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം രാമായണത്തില്‍ ഉത്തരമുണ്ട്.

    അത് സ്പര്‍ശിക്കുന്ന വിഷയങ്ങളുടെ വിശാലതയെ മികച്ച ഭരണം, യുദ്ധകല, ശാസ്ത്രം, സാങ്കേതികവിദ്യ, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കല്‍ തുടങ്ങിയവ പോലുള്ള വിഷമകരമായ ആശയങ്ങള്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ വേദഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. രാമായണത്തില്‍ നിന്ന് മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ മനുഷ്യനാകാന്‍ ശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു.




Tags:    

Similar News