മദ്രസകള്‍ക്കുള്ള സഹായം നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്ത്
മദ്രസാ ബോര്‍ഡുകള്‍ പൂട്ടി കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണമെന്നും നിര്‍ദേശം
ന്യൂഡല്‍ഹി: മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷനാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മദ്രസാ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ നല്‍കിയ കത്ത് പറയുന്നു. കുട്ടികളുടെ മൗലികാവകാശങ്ങള്‍ക്കെതിരെ മദ്രസകള്‍ എന്ന ഒരു റിപോര്‍ട്ടിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും സമഗ്രമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നാണ് 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം പറയുന്നത്. എന്നാല്‍, ഇത് ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കാര്യത്തില്‍ ഉറപ്പുവരുത്താന്‍ ആവുന്നില്ല. എന്തൊക്കെ തരം അംഗീകാരങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം പാലിക്കാന്‍ മദ്രസകള്‍ക്കാവുന്നില്ല. അതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ തീരുമാനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്ക് അനുസൃതമായി മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണം. കൂടാതെ മദ്രസാ ബോര്‍ഡുകള്‍ പൂട്ടികയും വേണം. മദ്രസകളില്‍ നിന്ന് ന്യൂനപക്ഷേതര വിദ്യാര്‍ഥികളെ മാറ്റി സാധാരണ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. കൂടാതെ മദ്രസകളില്‍ നിലവിലുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികളെയും സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം.
അതേസമയം, ഡിഇഡി, ബിഎഡ് യോഗ്യതയുള്ള മദ്രസാ അധ്യാപകര്‍ക്കുള്ള ശമ്പളം മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഡിഇഡി യോഗ്യതയുള്ള അധ്യാപകരുടെ ശമ്പളം ആറായിരത്തില്‍ നിന്നും 16000 ആയി ആണ് ഉയര്‍ത്തിയിരിക്കുന്നത്. ബിഎഡ് യോഗ്യതയുള്ളവരുടെ ശമ്പളം എണ്ണായിരത്തില്‍ നിന്ന് 18000 ആയും ഉയര്‍ത്തി. മൗലാനാ ആസാദ് മൈനോറിറ്റി ഇക്കണോമിക് ഡെപലപ്പ്‌മെന്റ് കോര്‍പറേഷന്റെ ഷെയര്‍ കാപിറ്റല്‍ 700ല്‍ നിന്ന് ആയിരം കോടിയായും വര്‍ധിപ്പിച്ചു.