2022 സാമ്പത്തിക വര്‍ഷം യുഎസ് പൗരത്വം സ്വീകരിച്ചത് ഒരു ദശലക്ഷം കുടിയേറ്റക്കാര്‍

Update: 2022-12-09 05:37 GMT

ന്യൂയോര്‍ക്ക്: 2022 സാമ്പത്തിക വര്‍ഷം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് ഏകദേശം ഒരു ദശലക്ഷത്തിനടുത്ത് കുടിയേറ്റക്കാരെന്ന് കണക്കുകള്‍. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. 15 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ യുഎസ് പൗരത്വം നേടിയതും ഈ സാമ്പത്തിക വര്‍ഷമാണ്. യുഎസ്‌സിഐഎസ് പൗരത്വത്തിനായുള്ള 1,075,700 നാച്ചുറലൈസേഷന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. ഇതില്‍ നിന്നാണ് സപ്തംബര്‍ 30ന് അവസാനിച്ച വര്‍ഷത്തില്‍ 967,400 പുതിയ യുഎസ് പൗരന്‍മാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

കുട്ടികളുടെ എണ്ണം കൂടി പരിശോധിച്ചാല്‍ പൗരത്വം ലഭിച്ച കുടിയേറ്റക്കാരുടെ എണ്ണം 1,023,200 ആയി ഉയരും. യുഎസ്‌സിഐഎസ് രേഖകള്‍ പ്രകാരം മെക്‌സിക്കോ, ഇന്ത്യ, ഫിലിപ്പീന്‍സ്, ക്യൂബ, ഡൊമിനിക്കന്‍ റിപബ്ലിക് തുടങ്ങിയവയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്. 35 വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ (സ്ഥിരതാമസക്കാര്‍), അല്ലെങ്കില്‍ വിവിധ സൈനിക സേവന ആവശ്യകതകള്‍ നിര്‍വഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വത്തിന് അര്‍ഹതയുണ്ട്. പൗരത്വ അപേക്ഷ ഫയല്‍ ചെയ്യുന്ന സമയം മുതല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതുവരെയുള്ള പ്രോസസിങ് സമയം 18.5- 24 മാസമാണ്. നാച്ചുറലൈസേഷന്‍ അപേക്ഷകള്‍ക്കുള്ള സര്‍ക്കാര്‍ ഫയലിങ് ഫീസ് 725 ഡോളറാണ്. ഇതില്‍ പ്രോസസ്സിങ്ങിന് 640 ഡോളറും ബയോമെട്രിക്‌സ് സേവനങ്ങള്‍ക്ക് 85 ഡോളറും ഉള്‍പ്പെടുന്നു.

സൈനിക അപേക്ഷകരെ രണ്ട് ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎസ് പൗരത്വമുള്ള കുടിയേറ്റക്കാര്‍ക്ക് ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അനുവാദമുണ്ട്. യുഎസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനും അര്‍ഹതയുണ്ട്. മെഡികെയര്‍ പോലെയുള്ള സര്‍ക്കാര്‍ സഹായ പദ്ധതികളില്‍ അംഗമാവാം, സ്ഥിരതാമസത്തിനായി ആഗ്രഹിക്കുന്ന ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും. കുട്ടികള്‍ക്ക് സ്വയമേവയുള്ള യുഎസ് പൗരത്വം ലഭിക്കും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജൂണ്‍ 30 വരെ 8.7 ദശലക്ഷത്തിലധികം ഇമിഗ്രേഷന്‍ കേസുകളാണ് യുഎസ്‌സിഐഎസ് കൈകാര്യം ചെയ്തത്.

ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ മുതല്‍ അഭയാര്‍ഥി അപേക്ഷകളും വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളും വരെ ഇതില്‍പ്പെടുന്നു. 'ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഓരോ ഇമിഗ്രേഷന്‍ കേസും യുഎസില്‍ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെയോ കുടുംബത്തെയോ പ്രതിനിധീകരിക്കുന്നു- യുഎസ്‌സിഐഎസ് ഡയറക്ടര്‍ ഉര്‍ എം ജാദൗ പറഞ്ഞു. കൂടുതല്‍ മാനുഷികമായ കുടിയേറ്റ സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ പുരോഗതി കൈവരിച്ചു. കൂടുതല്‍ ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. എല്ലാ ആളുകള്‍ക്കും പ്രോസസ്സിങ് സമയം കുറയ്ക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണ നിര്‍ണായകമാണ്.

വരും മാസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള എല്ലാ അപേക്ഷകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കുള്ള തൊഴില്‍ അംഗീകാര അപേക്ഷകള്‍ക്കും പ്രീമിയം പ്രോസസ്സിങ് നടപ്പിലാക്കുന്നതിലൂടെ ഈ പുരോഗതി കൈവരിക്കാനാണ് യുഎസ്‌സിഐഎസ് പദ്ധതിയിടുന്നത്. തൊഴില്‍ അംഗീകാരം, സ്റ്റാറ്റസ് ക്രമീകരിക്കല്‍, സ്വദേശിവല്‍ക്കരണം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഉള്‍പ്പെടെ നിരവധി പൊതുഫോമുകള്‍ ലളിതമാക്കാനും നീക്കമുണ്ട്.

Tags:    

Similar News