ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസ് അടച്ചിടല്‍ അനിവാര്യമെന്ന് കേന്ദ്രം; എത്രകാലം ഇങ്ങനെ പൂട്ടിയിടുമെന്ന് ഡല്‍ഹി ഹൈക്കോടതി

നിസാമുദ്ദീന്‍ മര്‍ക്കസ് ഉള്‍പ്പെടുന്ന പ്രദേശം എന്നെന്നേക്കുമായി അടച്ചിടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. ഇങ്ങനെ എത്രനാള്‍ മര്‍ക്കസ് പൂട്ടിയിടാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത കേന്ദ്രത്തോട് ചോദിച്ചു.

Update: 2021-09-14 03:41 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് അടച്ചുപൂട്ടിയ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തുറക്കുന്നതിനെതിരേ വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 മുതല്‍ അടച്ചിട്ടിരിക്കുന്ന മാര്‍ക്കസ് വീണ്ടും തുറക്കണമെന്ന ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ഹരജി പരിഗണിക്കവെയാണ് അടച്ചിടല്‍ അനിവാര്യമാണെന്ന നിലപാട് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ സ്വീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ഗൗരവമുള്ളതും അതിര്‍ത്തി കടന്നുള്ള പ്രത്യാഘാതങ്ങളുള്ളതുമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

നിസാമുദ്ദീന്‍ മര്‍ക്കസ് ഉള്‍പ്പെടുന്ന പ്രദേശം എന്നെന്നേക്കുമായി അടച്ചിടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. ഇങ്ങനെ എത്രനാള്‍ മര്‍ക്കസ് പൂട്ടിയിടാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത കേന്ദ്രത്തോട് ചോദിച്ചു. മര്‍ക്കസ് വീണ്ടും തുറക്കുന്നതിനുള്ള നിയമനടപടി സ്വത്തിന്റെ പാട്ടക്കാരന് മാത്രമേ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്രം വിശദീകരിച്ചു. പരിസരത്ത് താമസിക്കുന്നയാള്‍ മര്‍ക്കസിന്റെ താമസസ്ഥലം കൈമാറണമെന്നാവശ്യപ്പെട്ട് ഇതിനകം മറ്റൊരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ അന്തിമവിധിക്കായി ഹരജി മാറ്റിവച്ചിരിക്കുകയാണ്. നിയമപരമായ കാഴ്ചപ്പാടില്‍ മാത്രമേ ഹരജി തീര്‍പ്പാക്കാനാകൂ. വഖഫ് ബോര്‍ഡിന് പാട്ടക്കാരനെ മറികടക്കാന്‍ അധികാരമില്ല- കേന്ദ്രത്തിന്റെ അഭിഭാഷകന്‍ രജത് നായര്‍ പറഞ്ഞു. 'ചില വ്യക്തികള്‍ സ്വത്ത് കൈവശം വച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ പേരില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിങ്ങള്‍ കേസിന്റെ ഭാഗമായി സ്വത്ത് കൈവശപ്പെടുത്തുന്നു. അത് കൈമാറണം. സ്വത്ത് എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ (കോടതി ഉത്തരവുകള്‍ക്ക് വിധേയമായി) പറ്റില്ല. കേസിന്റെ വസ്തുതകളെക്കുറിച്ച് നിങ്ങളുടെ നിലപാട് എന്താണ് ? നിങ്ങള്‍ ഇത് ആരില്‍നിന്നാണ് ഏറ്റെടുത്തതെന്ന് എന്നോട് പറയുക.

നിങ്ങള്‍ എത്രനാള്‍ കേസ് സ്വത്തായി പൂട്ടിയിടും ?- ജഡ്ജി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. മര്‍ക്കസിന്റെ മാനേജിങ് കമ്മിറ്റി അംഗം സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി നോട്ടീസ് നല്‍കി. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ വഖഫ് ബോര്‍ഡിന് കോടതി അനുമതി നല്‍കുകയും ചെയ്തു. കേസ് അടുത്ത വാദം കേള്‍ക്കാന്‍ നവംബര്‍ 16ലേക്ക്് മാറ്റിവച്ചു. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്തയാണ് വാദിച്ചത്. ഒന്നര വര്‍ഷത്തിലേറെയായി ഹരജി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും മസ്ജിദ്, മദ്‌റസ, പാര്‍പ്പിട സമുച്ഛയം എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ മര്‍ക്കസ് സ്വത്തുക്കളും വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് തന്റെ ഹരജിയെന്നും അദ്ദേഹം വാദിച്ചു.

അവര്‍ ഞങ്ങള്‍ക്ക് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ തയ്യാറാവണം. കേന്ദ്രത്തിന് ഇത് പിടിച്ചുവയ്ക്കാന്‍ യാതൊരു അധികാരവുമില്ല- അദ്ദേഹം പറഞ്ഞു. വീണ്ടും തുറക്കുന്ന ഘട്ടത്തില്‍ മാര്‍ക്കസ് കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുമെന്ന് ഇതേ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ച മര്‍ക്കസ് മാനേജിങ് കമ്മിറ്റി അംഗത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയില്‍ ഉറപ്പുനല്‍കി.

കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം നടക്കുന്നതിനാല്‍ മര്‍കസ് സ്വത്ത് 'സംരക്ഷിക്കേണ്ടത്' അനിവാര്യവും ഉത്തരവാദിത്തവുമാണെന്ന് ക്രൈം ഡെപ്യൂട്ടി കമ്മീഷണര്‍കൂടി ഒപ്പിട്ട സത്യമൂലം വ്യക്തമാക്കുന്നു. അതിര്‍ത്തി കടന്നുള്ള പ്രത്യാഘാതങ്ങളും മറ്റ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ നയതന്ത്രബന്ധത്തെ ബാധിക്കുന്നതുമാണ്. കേസിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ അത്തരം സാഹചര്യങ്ങളില്‍ കേസ് സ്വത്ത് സംരക്ഷിക്കേണ്ടത് ന്യായമായ ആവശ്യമാണ്- സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News