മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണം: പാര്‍ലമെന്ററി സമിതി
സാമൂഹികമാധ്യമങ്ങളെ 'പ്രസാധകര്‍' എന്ന നിര്‍വചനത്തില്‍ പെടുത്തി ഉത്തരവാദിത്വത്തിനു ബാധ്യസ്ഥമാക്കി ഡേറ്റാ സംരക്ഷണ കരടുബില്‍ തയ്യാറായി. പാര്‍ലമെന്ററി സമിതി അംഗീകരിച്ച കരടുബില്‍ 29ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
ന്യൂഡല്‍ഹി: മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമപരമായി സ്ഥാപിക്കപ്പെട്ട ഏകീകൃത സംവിധാനം രൂപവത്കരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ. മാധ്യമപ്രവര്‍ത്തനം എന്ന പേരിലുള്ള കടന്നാക്രമണങ്ങളില്‍നിന്ന് വ്യക്തികളുടെ സ്വകാര്യതാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്നത് പര്യാപ്തമല്ല. ഈ വിഷയത്തില്‍ സമഗ്രമായ ചട്ടം വേണമെന്നും സമിതി ആവശ്യപ്പെട്ടു.
മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഏകീകൃത സംവിധാനമുണ്ടാകണം. എല്ലാ രൂപത്തിലുള്ള മാധ്യമങ്ങളെയും ഈ സംവിധാനത്തിനുകീഴില്‍ കൊണ്ടുവരണം. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലെ നിലവിലെ ഏജന്‍സികള്‍ക്ക് എല്ലാത്തരത്തിലുമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയില്ല. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളും ഇന്റര്‍നെറ്റും പോലുള്ള ആധുനികസാങ്കേതികത ഉപയോഗിക്കുന്ന മാധ്യമങ്ങളെ പ്രത്യേകിച്ചും നിയന്ത്രിക്കാന്‍ അവയ്ക്കു ശേഷിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
ഡേറ്റാ സംരക്ഷണത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് പൂര്‍ണഉത്തരവാദിത്വം
സാമൂഹികമാധ്യമങ്ങളെ 'പ്രസാധകര്‍' എന്ന നിര്‍വചനത്തില്‍ പെടുത്തി ഉത്തരവാദിത്വത്തിനു ബാധ്യസ്ഥമാക്കി ഡേറ്റാ സംരക്ഷണ കരടുബില്‍ തയ്യാറായി. പാര്‍ലമെന്ററി സമിതി അംഗീകരിച്ച കരടുബില്‍ 29ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഡേറ്റാ സംരക്ഷണനിയമത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രാന്വേഷണ ഏജന്‍സികളെയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥ. ഇതിനെതിരേ പാര്‍ലമെന്ററിസമിതിയില്‍ പ്രതിപക്ഷാംഗങ്ങള്‍ വിയോജനക്കുറിപ്പെഴുതി. കോണ്‍ഗ്രസ് അംഗങ്ങളായ ജയറാം രമേഷ്, മനീഷ് തിവാരി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രയാന്‍, മഹുവ മൊയ്ത്ര എന്നിവരടക്കം ഏഴ് എംപിമാരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഡേറ്റാ സംരക്ഷണ അതോറിറ്റിക്ക് ഭരണഘടനാ പദവി നല്‍കിയിട്ടില്ല. സംസ്ഥാനങ്ങളില്‍ ഡേറ്റാ സംരക്ഷണ അതോറിറ്റി വേണമെന്ന ആവശ്യവും ഉള്‍പ്പെടുത്തിയിട്ടില്ല. ഡേറ്റാ സംരക്ഷണനിയമം നടപ്പാക്കാന്‍ സാമൂഹികമാധ്യമ കമ്പനികള്‍ക്ക് രണ്ടുവര്‍ഷത്തെ കാലാവധി അനുവദിക്കും. നിയമമനുസരിച്ച് ഡേറ്റാ സൂക്ഷിപ്പുകാര്‍ക്ക് തങ്ങളുടെ നയങ്ങള്‍ പരിഷ്‌കരിക്കാനും അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടത്ര സമയം ലഭ്യമാക്കാനാണ് ഈ കാലാവധി.
സാമൂഹികമാധ്യമവേദികളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തില്‍ അവര്‍ക്കുതന്നെയാണ് പൂര്‍ണമായ ഉത്തരവാദിത്വം. പരിശോധിക്കപ്പെടാത്ത അക്കൗണ്ടുകളില്‍നിന്നുള്ള ഉള്ളടക്കത്തിനും സാമൂഹികമാധ്യമങ്ങള്‍ക്കുതന്നെയാണ് ഉത്തരവാദിത്വം. ഈ പ്രശ്‌നം അഭിമുഖീകരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാവണമെന്നും പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. മാതൃസ്ഥാപനത്തിന് ഇന്ത്യയില്‍ പ്രത്യേകമായ ഓഫിസില്ലാതെ ഒരു സാമൂഹികമാധ്യമ കമ്പനിക്കും രാജ്യത്തു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ട ഡേറ്റാ സൂക്ഷിപ്പുകാര്‍ സര്‍ക്കാരാണെന്നിരിക്കേ, മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമായി ഡേറ്റാ ശേഖരണത്തില്‍ പ്രത്യേക മാര്‍ഗരേഖ പുറപ്പെടുവിക്കണം.
ഏതു സര്‍ക്കാര്‍ ഏജന്‍സിയെയും നിയമത്തില്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്രത്തിന് പൂര്‍ണമായി അധികാരം നല്‍കുന്നതാണ് കരടുബില്ലെന്ന് ജയറാം രമേഷ് വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. വ്യക്തിഗത ഡേറ്റാ സുരക്ഷയ്ക്കുള്ള ഒരവകാശവും സംരക്ഷിക്കാതെയാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രയാനും കുറ്റപ്പെടുത്തി.