ഖത്തറും ഫലസ്തീന്‍ അതോറിറ്റിയും ധാരണയിലെത്തി; ഗസാ മുനമ്പിലേക്ക് ഇനി സഹായം ഒഴുകും
ഈ പ്രക്രിയയില്‍ ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്താന്‍ ഹമാസ് സമ്മതിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഖത്തറുമായി ഫലസ്തീന്‍ അതോറിറ്റി ധാരണയിലെത്തിയത്.
വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ അധിനിവേശ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തെറിഞ്ഞ ഗസാ മുനമ്പിലേക്കുള്ള ഖത്തറിന്റെ ധനസഹായം ഉടനെത്തും. ഇതു സംബന്ധിച്ച് ഖത്തറും ഫലസ്തീന്‍ അതോറിറ്റിയും (പിഎ) ഗസ മുനമ്പിലേക്ക് സഹായം കൈമാറുന്നതിന് ധാരണയിലെത്തിയതായി ഇസ്രായേല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രക്രിയയില്‍ ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്താന്‍ ഹമാസ് സമ്മതിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് ഖത്തറുമായി ഫലസ്തീന്‍ അതോറിറ്റി ധാരണയിലെത്തിയത്.
'ഖത്തറി ധനസഹായത്തിന്റെ ഒരു ഭാഗം ഗസ മുനമ്പിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് മാത്രമായി കൈമാറുന്നതിന്റെ ഉത്തരവാദിത്തത്തില്‍ ഫലസ്തീന്‍ അതോറിറ്റി ധാരണയിലെത്തിയെന്ന് പിഎ പ്രധാനമന്ത്രി മുഹമ്മദ് ഇശ്ത്തയ്യയെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'സാമൂഹിക വികസന മന്ത്രാലയത്തിലൂടെ ഫലസ്തീന്‍ രാഷ്ട്രവും ഖത്തര്‍ വിദേശകാര്യ മന്ത്രാലയവുംഗാസ പുനരധിവാസ സമിതിയിലൂടെ ധാരണയിലെത്തി'. ഫലസ്തീന്‍ നാണയനിധിയുടെ മേല്‍നോട്ടത്തിന് വിധേയമായി ഫണ്ട് കൈമാറും.
ഖത്തറിന്റെ ലോഗോയും സഹായം നല്‍കുന്ന ബാങ്കിന്റെ ലോഗോയും അടങ്ങുന്ന പ്രത്യേക എടിഎം കാര്‍ഡുകള്‍ വഴി സ്വീകര്‍ത്താക്കള്‍ക്ക് അവരുടെ സഹായം ലഭിക്കും. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 100,000 ഗുണഭോക്താക്കള്‍ക്കും ഹമാസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ 27,695 മറ്റ് ഗുണഭോക്താക്കള്‍ക്കുമുള്ള സഹായവും ഈ കൈമാറ്റത്തില്‍ ഉള്‍പ്പെടും.
അതേസമയം, ഹമാസ് ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍, സ്വീകര്‍ത്താക്കളുടെ പേരുകള്‍ മാറ്റമില്ലാതെ തുടരുമെന്നും അവര്‍ക്ക് അനുവദിച്ച ഫണ്ടുകളില്‍ നിന്നു തുക കുറയ്ക്കരുതെന്നുമുള്ള വ്യവസ്ഥയില്‍ ഹമാസ് കരാറിന് സമ്മതിച്ചതായാണ് കരുതപ്പെടുന്നത്.