വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി കേന്ദ്രം

വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപോര്‍ട്ട് ആവശ്യപ്പെട്ടു

Update: 2022-07-19 05:39 GMT

ന്യൂഡല്‍ഹി:കൊല്ലം ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി.വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപോര്‍ട്ട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു കത്തയച്ചിരുന്നു.ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിലപാട്. പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഏജന്‍സി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കുട്ടികളെ അപമാനിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സംഘം കോളജില്‍ എത്തി.













Tags:    

Similar News