ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്.
തെല്‍അവീവ്: ഇസ്രായേല്‍ യുദ്ധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. ഗസയിലും ലെബനാനിലും നടക്കുന്ന അധിനിവേശം വേണ്ട രീതിയില്‍ മുന്നോട്ടുപോവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന നെതന്യാഹുവിന്റെ കത്തും പുറത്തുവന്നു.
യുദ്ധകാലത്ത് പരസ്പര വിശ്വാസം നഷ്ടപ്പെടുന്നത് ഇസ്രായേലിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഗാലന്റിന് അയച്ച കത്ത് പറയുന്നു.
'' യുദ്ധം തുടങ്ങിയ സമയത്ത് നല്ല രീതിയില്‍ സഹകരിച്ചാണ് നാം പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണവും ഇസ്രായേലിനുണ്ടായി. എന്നാല്‍, ഇപ്പോള്‍ ആ വിശ്വാസത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കെതിരായ നടപടികള്‍ നിങ്ങള്‍ സ്വീകരിച്ചു. ഇത് ഇസ്രായേലിന്റെ ശത്രുക്കളെ സഹായിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ പ്രവൃത്തികളില്‍ ശത്രുക്കള്‍ സന്തോഷിക്കുന്നു. യുദ്ധം ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ നിങ്ങള്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. അതിനാല്‍, നിങ്ങളെ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയാണ്.'' കത്ത് പറയുന്നു.വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്.
ഇത് രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് ഗാലന്റിനെ നെതന്യാഹു നീക്കം ചെയ്യുന്നത്. സുപ്രിംകോടതിയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിനെതിരെ പ്രതിഷേധിച്ചതിന് 2023 മാര്‍ച്ചില്‍ പ്രതിരോധമന്ത്രി സ്ഥാനത്തില്‍ നിന്ന് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയിരുന്നു. ബില്ലിനെതിരായ പൊതുജനപ്രക്ഷോഭത്തിന് ഗാലന്റ് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു പ്രകോപനം. എന്നാല്‍, ഒരു മാസത്തിന് ശേഷം വീണ്ടും മന്ത്രിയാക്കി.
ഇസ്രായേലിനു മുകളില്‍ ധാര്‍മ്മിക അന്ധകാരം വീണിരിക്കുന്നു എന്നാണ് പുറത്താക്കപ്പെട്ടതിന് ശേഷം ഗാലന്റ് പ്രതികരിച്ചത്. ഇസ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിന്റെ ദൗത്യമെന്നും അത് തുടരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
മന്ത്രിസ്ഥാനം തെറിക്കാന്‍ മൂന്നു കാരണങ്ങളുണ്ടെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗാലന്റ് പറഞ്ഞു. ഹരേദി ജൂതന്‍മാരെ സൈന്യത്തില്‍ ചേര്‍ക്കാന്‍ എടുത്ത തീരുമാനം, ഹമാസുമായി ചര്‍ച്ച നടത്തി ബന്ദികളെ തിരികെ കൊണ്ടുവരണം എന്ന നിലപാട്, തൂഫാനുല്‍ അഖ്‌സയുടെയും യുദ്ധത്തിന്റെയും കാരണം പരിശോധിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണം എന്ന ആവശ്യം എന്നിവയാണ് പ്രശ്‌നമായതെന്നും ഗാലന്റ് പറഞ്ഞു.
വരുംകാലങ്ങളില്‍ ഇസ്രായേല്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുമെന്നും ഗാലന്റ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍, സൈന്യത്തിലേക്ക് എന്തുവില കൊടുത്തും പുതിയ ആളുകളെ ചേര്‍ക്കണം, ഗസയില്‍ നിന്ന് പിന്‍മാറിയിട്ടാണെങ്കിലും ബന്ദികളെ തിരികെ കൊണ്ടുവരണം എന്നും ഗാലന്റ് ആവശ്യപ്പെട്ടു.
ഗാലന്റിനെ പിരിച്ചുവിട്ടതില്‍ യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. യുഎസ് തിരഞ്ഞെടുപ്പ് സമയത്തും ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന സമയത്തുമുള്ള നടപടി ഞെട്ടിച്ചുവെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ഗാലന്റിന്റെ പിന്‍ഗാമിയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വക്താവ് പാട്രിക് റൈഡര്‍ പറഞ്ഞു.
അതേസമയം, ഗാലന്റിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രിയില്‍ ഒന്നിലധികം ഹൈവേകളും ജംഗ്ഷനുകളും തടഞ്ഞു, പ്രതിഷേധക്കാര്‍ കവലകളില്‍ ഇരുന്നു തീ കത്തിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയ തെല്‍ അവീവിലും ജറുസലേമിലും ഹൈഫയിലും വലിയ പ്രതിഷേധങ്ങള്‍ നടന്നു.
തെല്‍അവീവില്‍ നടന്ന ഒരു പ്രകടനത്തില്‍ പോലീസും ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള എം കെ ഗിലാഡ് കരിവും സംഘവും ഏറ്റുമുട്ടി. അയലോണ്‍ ഫ്രീവേയില്‍ നിന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല ലഭിച്ച വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കടുത്ത ഫലസ്തീന്‍ വിരുദ്ധന്‍ കൂടിയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. റൊമാനിയക്കാരായ ജൂത കുടിയേറ്റക്കാരുടെ മകനാണ് ഇയാള്‍. വെസ്റ്റ് ബാങ്ക് പൂര്‍ണമായും ഇസ്രായേല്‍ കൈവശപ്പെടുത്തണമെന്ന് ഇയാള്‍ നിരവധി തവണ പ്രഖ്യാപിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നും ഫലസ്തീനികളെ പുറത്താക്കി കടലില്‍ ഒരു ദ്വീപുണ്ടാക്കി അങ്ങോട്ട് മാറ്റണമെന്നാണ് ഇയാളുടെ ആവശ്യം. ഇസ്രായേലിന്റെ വംശഹത്യകളെ ചൂണ്ടിക്കാട്ടിയതിന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ അനഭിമതനായി പ്രഖ്യാപിച്ചതും ഇയാളാണ്.