സിസ്താനിയുമായുള്ള പോപ്പിന്റെ കൂടിക്കാഴ്ചയുടെ അടയാളമായി പുതിയ സ്റ്റാമ്പുകള്‍ ഇറക്കി ഇറാഖ്
സ്‌നേഹവും മാനുഷിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ശനം എന്നെഴുതിയ പോസ്റ്റല്‍ സ്റ്റാമ്പില്‍ സിസ്താനിയുടെയും പോപിന്റെയും ചിത്രമുണ്ട്.
ബാഗ്ദാദ്: രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായും ഷിയ പണ്ഡിതന്‍ അലി അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയുടെ അടയാളമായും പുതിയ സ്റ്റാംപുകള്‍ ഇറക്കി ഇറാഖ്. ഇറാഖി വാര്‍ത്താവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
'പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ബഹുമാനപ്പെട്ട അലി അല്‍സിസ്താനിയുമായും മത അതോറിറ്റിയുമായുള്ള കൂടിക്കാഴ്ച, ഉര്‍ നഗരം സന്ദര്‍ശിച്ചത് തുടങ്ങി രണ്ട് തരത്തിലുള്ള സ്റ്റാമ്പാണ് പുറത്തിറക്കിയതെന്നും കമ്യൂണിക്കേഷന്‍ മന്ത്രാലയം വക്താവ് റഅദ് അല്‍ മഷ്ഹദാനി പറഞ്ഞു.
സ്‌നേഹവും മാനുഷിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ശനം എന്നെഴുതിയ പോസ്റ്റല്‍ സ്റ്റാമ്പില്‍ സിസ്താനിയുടെയും പോപിന്റെയും ചിത്രമുണ്ട്.
ഇറാഖിനകത്തും പുറത്തും മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ സന്ദര്‍ശനം ഉള്‍ക്കൊള്ളുന്നതിനാലാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ആദ്യമാണ് മാര്‍പ്പാപ്പ ഇറാഖ് സന്ദര്‍ശിച്ചിരുന്നത്.