ന്യൂസിലന്റില്‍ ആറുമാസത്തിനുശേഷം ആദ്യ കൊവിഡ് മരണം

90 വയസ്സായ സ്ത്രീയാണ് വെള്ളിയാഴ്ച രാത്രി ഓക്‌ലാന്‍ഡ് ആശുപത്രിയില്‍ മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇവര്‍ക്ക് യഥാസമയം വെന്റിലേറ്ററോ തീവ്രപരിചരണ സഹായമോ ലഭിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2021-09-04 06:39 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍ ആറുമാസത്തെ ഇടവേളയ്ക്കുശേഷം ആദ്യത്തെ കൊവിഡ് സംബന്ധമായ മരണം ശനിയാഴ്ച രേഖപ്പെടുത്തി. അതേസമയം, രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ നിയന്ത്രണത്തിലാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. 90 വയസ്സായ സ്ത്രീയാണ് വെള്ളിയാഴ്ച രാത്രി ഓക്‌ലാന്‍ഡ് ആശുപത്രിയില്‍ മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഇവര്‍ക്ക് യഥാസമയം വെന്റിലേറ്ററോ തീവ്രപരിചരണ സഹായമോ ലഭിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍.

ന്യൂസിലന്റില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന 27ാമത്തെ രോഗിയാണ് ഇവര്‍. ഈ വര്‍ഷം ഫെബ്രുവരി 16ന് ശേഷം ആദ്യമായാണ് ന്യാസിലന്റില്‍ കൊവിഡ് മരണം രേഖപ്പെടുത്തുന്നത്. ഏകദേശം 1.7 മില്യന്‍ ജനസംഖ്യയുള്ള ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമാണ് ഓക്ക്‌ലാന്‍ഡ്. ഇവിടെ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചയാളില്‍നിന്നാണ് ഈ സ്ത്രീക്ക് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തല്‍. ആറുമാസക്കാലമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല.

ആഗസ്തിലാണ് രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുകയും പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാണ് വൈറസിനെതിരേ വീണ്ടും പോരാട്ടത്തിന് അധികാരികള്‍ തുടക്കമിട്ടത്. അഞ്ച് ദശലക്ഷം വരുന്ന രാജ്യത്തെ ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലാണുള്ളത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തില്‍ ഇതുവരെ 782 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓക്ക്‌ലാന്‍ഡില്‍ അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും ഇപ്പോള്‍ എല്ലായിടത്തം കര്‍ശനമായ അടച്ചുപൂട്ടലാണ്. ഈ മരണം 'നമ്മള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തുകൊണ്ട് വളരെ പ്രധാനമാണെന്നതിന്റെ വളരെ ദു:ഖകരമായ ഓര്‍മപ്പെടുത്തലാണ്,- പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. 20 പുതിയ പോസിറ്റീവ് കേസുകള്‍ മാത്രമാണ് ശനിയാഴ്ച രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വാരാന്ത്യത്തില്‍ 84 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.

Tags:    

Similar News