ന്യൂസിലന്റില്‍ ആദ്യ വാക്‌സിന്‍ മരണം; മരിച്ചത് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച സ്ത്രീ

ഹൃദയപേശികള്‍ക്കുണ്ടാവുന്ന വീക്കമാണ് മയോകാര്‍ഡിറ്റിസ്. ഇത് രക്തം പമ്പ് ചെയ്യാനുള്ള അവയവത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഹൃദയമിടിപ്പ് താളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ഫൈസര്‍ കൊവിഡ് 19 വാക്‌സിനുമായി ബന്ധിപ്പിക്കുന്ന ന്യൂസിലന്റിലെ ആദ്യ കേസാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Update: 2021-08-30 05:38 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റില്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീയാണ് മരണപ്പെട്ടതെന്ന് ന്യൂസിലന്റ് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഒരു സ്ത്രീയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര കൊവിഡ് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് നടത്തിയ അവലോകനത്തെത്തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം വിവരങ്ങള്‍ പുറത്തുവിട്ടത്. മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സ്ത്രീയുടെ പ്രായം നല്‍കിയില്ല. സ്ത്രീയുടെ മരണം മയോകാര്‍ഡിറ്റിസ് മൂലമാണെന്ന് ബോര്‍ഡ് വിലയിരുത്തി. ഇത് ഫൈസര്‍ കൊവിഡ് 19 വാക്‌സിന്റെ അപൂര്‍വമായ പാര്‍ശ്വഫലമാണെന്ന് കരുതപ്പെടുന്നു- പ്രസ്താവനയില്‍ പറയുന്നു.

ഹൃദയപേശികള്‍ക്കുണ്ടാവുന്ന വീക്കമാണ് മയോകാര്‍ഡിറ്റിസ്. ഇത് രക്തം പമ്പ് ചെയ്യാനുള്ള അവയവത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഹൃദയമിടിപ്പ് താളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ഫൈസര്‍ കൊവിഡ് 19 വാക്‌സിനുമായി ബന്ധിപ്പിക്കുന്ന ന്യൂസിലന്റിലെ ആദ്യ കേസാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇ- മെയില്‍ വഴി പ്രതികരണം തേടിയെങ്കിലും ന്യൂസിലാന്‍ഡിലെ ഫൈസര്‍ മീഡിയാ ടീം മറുപടിയൊന്നും നല്‍കിയിട്ടില്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ കേസ് കൊറോണറിനു കൈമാറിയതായും മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എങ്കിലും മയോകാര്‍ഡിറ്റിസ് ഒരുപക്ഷേ വാക്‌സിനേഷന്‍ മൂലമാണെന്നാണ് സ്വതന്ത്ര ബോര്‍ഡിന്റെ നിഗമനം.

കുത്തിവയ്പ്പിനെത്തുടര്‍ന്നുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ക്കൊപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഒരേ സമയം സംഭവിക്കുന്നതായും ബോര്‍ഡ് വിലയിരുത്തി. ഇതുവരെ ഫൈസര്‍/ബയോ എന്‍ ടെക്, ജാന്‍സെന്‍, ആസ്ട്രാസെനെക്ക വാക്‌സിനുകള്‍ ന്യൂസിലാന്റ് അധികൃതര്‍ താല്‍ക്കാലികമായി അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഒരേയൊരു വാക്‌സിന്‍. ആറുമാസത്തോളം വൈറസിന്റെ സാന്നിധ്യമില്ലായിരുന്ന ന്യൂസിലന്റില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടശേഷമാണ് വീണ്ടും വ്യാപനമുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 53 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നിലവില്‍ ആകെ വൈറസ് കേസുകളുടെ എണ്ണം 562 ആയി. ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഈമാസം ആദ്യം രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നു.

Tags:    

Similar News