ഓസ്‌ട്രേലിയ പൗരത്വം റദ്ദാക്കി; ഐഎസ് ബന്ധം ഉപേക്ഷിച്ച യുവതിയെയും മക്കളെയും സ്വീകരിക്കാനൊരുങ്ങി ന്യൂസിലന്റ്

Update: 2021-07-27 09:40 GMT

വെല്ലിംഗ്ടണ്‍: ഐഎസ് ബന്ധം ഉപേക്ഷിച്ച യുവതിയെയും അവരുടെ മക്കളെയും സ്വീകരിക്കാന്‍ തയ്യാറായി ന്യൂസിലന്റ്. ഇരട്ട പൗരത്വമുണ്ടായിരുന്ന യുവതിയുടെ പൗരത്വം ഓസ്‌ട്രേലിയ റദ്ദാക്കിയതിന് പിന്നാലെയാണ് സ്വീകരിക്കാന്‍ തയ്യാറായി ന്യൂസിലന്റ് മുന്നോട്ടുവന്നത്.

ന്യൂസിലന്റില്‍ ജനിച്ച സുഹൈറ ആഡേന്‍ എന്ന 26കാരിയായ യുവതി ആറാം വയസില്‍ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് അവിടെ നിന്നും 2014ലാണ് ഐ.എസില്‍ ചേരാനായി സുഹൈറ സിറിയയിലേക്ക് പോകുന്നത്.

സിറിയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സുഹൈറയും കുട്ടികളും തുര്‍ക്കിയില്‍ വെച്ച് അറസ്റ്റിലാകുന്നത്. സുഹൈറ ഐഎസ് ബന്ധമുള്ളയാളാണെന്നും തുര്‍ക്കിയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ തടവിലാക്കിയതെന്നും തുര്‍ക്കി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹൈറയുടെ പൗരത്വം ഓസ്‌ട്രേലിയ റദ്ദാക്കിയത്. ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് പൗരത്വത്തിനുള്ള അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്.

എന്നാല്‍, സുഹൈറയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രസ്താവനയിറക്കിയിരിക്കുകയാണ്. ന്യൂസിലന്റ് കൂടി പൗരത്വം റദ്ദാക്കിയാല്‍ സുഹൈറ രാജ്യമില്ലാത്തവളായി തീരുമെന്നായിരുന്നു ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.

'അവര്‍ തുര്‍ക്കിയുടെ ഉത്തരവാദിത്തത്തില്‍ പെടുന്നില്ല. ഇപ്പോള്‍ ഓസ്‌ട്രേലിയ കൂടി ആ കുടുംബത്തെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുന്നതിലൂടെ അവര്‍ ഇപ്പോള്‍ നമ്മുടേതായി തീര്‍ന്നിരിക്കുകയാണ്,' ജസീന്ത പറഞ്ഞു.

ഓസ്‌ട്രേലിയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും സുഹൈറയും മക്കളും ന്യൂസിലന്റിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.

എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാണ് സുഹൈറയെ തിരിച്ചെത്തിക്കുന്നതെന്നും സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ ന്യൂസിലന്റ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ജസീന്ത പറഞ്ഞു. ഇതു കൂടാതെ സുഹൈറയ്ക്ക് സമൂഹത്തിലേക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ തിരിച്ചെത്താനും കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News