പത്തനംത്തിട്ട: ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലെ തയ്യില്‍ സ്വദേശി ജോര്‍ജിന്റെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി കുഞ്ഞിന്റെ കരച്ചില് കേട്ട് അന്വേഷിച്ചപ്പോഴാണ് നവജാത ശിശുവിനെ കണ്ടത്. ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചു. തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിലാണ് പോലിസ്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടവും കുഞ്ഞിന്റെ ശരീരത്തിലുണ്ട്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.