നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപന്‍സ്വാമിയെ സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന കല്ലറ തുറക്കുന്നതിനെതിരേ കുടുംബം ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഈ കല്ലറ തുറക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. മണിയന്‍ സ്വമേധയാ സമാധിയായതാണെന്നും ജീവല്‍ സമാധിയായതിനാല്‍ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കുക.
അതിയന്നൂര്‍, ആറാലുംമൂട്, കാവുവിളാകം സിദ്ധന്‍ ഭവനില്‍ മണിയനെ (69) കാണാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് തിങ്കളാഴ്ച സമാധി പൊളിക്കാന്‍ എത്തിയത്. എന്നാല്‍, ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാര്‍ക്കു പിന്തുണയുമായി എത്തി. ഇതോടെ പോലിസ് പിന്‍മാറുകയായിരുന്നു.
ആദ്യകാലത്ത് നെയ്ത്തുതൊഴിലാളിയായിരുന്ന മണിയന്‍ പിന്നീട് ചുമട്ടുതൊഴിലാളിയായി മാറിയെന്ന് നാട്ടുകാര്‍ പറയുന്നു. സിപിഐയുടെ എഐടിയുസി യൂണിയനില്‍ നിന്ന് മാറി സംഘപരിവാര തൊഴിലാളി സംഘടനയായ ബിഎംഎസിലായിരുന്നു പ്രവര്‍ത്തനം. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു. ആത്മീയതയുടെ വഴിയിലായതോടെയാണ് ക്ഷേത്രം നിര്‍മിച്ച് പൂജ തുടങ്ങിയത്. അപ്പോഴാണ് മണിയന്‍, ഗോപന്‍സ്വാമിയായി മാറുന്നത്.