ഇഡി- എന്‍ഐഎ അറസ്റ്റ്: പ്രതിപക്ഷ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രനീക്കങ്ങളുടെ ഭാഗം: സാംസ്‌കാരിക ജനാധിപത്യ വേദി

Update: 2022-09-23 05:55 GMT

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ നീക്കങ്ങളുടെ ഭാഗമാണ് ന്യൂനപക്ഷ നേതാക്കളുടെ ഇഡി- എന്‍ഐഎ അറസ്റ്റെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന കമ്മിറ്റി. എതിര്‍ശബ്ദങ്ങളോട് എല്ലാ കാലത്തും ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ക്ക് ഭയമാണ്. അവരുടെ പൗരവിരുദ്ധ- ഭരണഘടനാവിരുദ്ധ നിലപാടുകള്‍ തുറന്നുപറയുന്നവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച വേട്ടയാടുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ നേതാവ് സോണിയാ ഗാന്ധിയെ വരെ ഇഡി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ നിരവധി പ്രതിപക്ഷ കക്ഷികളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തൃണമൂല്‍, ശിവസേന, എഎപി, തുടങ്ങി ബിജെപി സര്‍ക്കാരിന് വഴങ്ങാത്ത കക്ഷികളെ ഈ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന് വഴങ്ങാത്ത വിഭാഗങ്ങളെ വ്യാജ ആരോപണങ്ങളുന്നയിച്ച് തകര്‍ക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ന്യൂനപക്ഷ നേതാക്കളെ അറസ്റ്റുചെയ്ത നടപടിയും ഈ അര്‍ഥത്തില്‍ പ്രതികാര നടപടിയായേ ജനാധിപത്യ കക്ഷികള്‍ക്ക് കാണാന്‍ സാധിക്കൂ- സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ന്യൂനപക്ഷ നേതാക്കളുടെ അറസ്റ്റിന് മുന്നോടിയായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് ഡല്‍ഹിയിലെ മൗലവിമാരെ സന്ദര്‍ശിച്ചത്, പ്രതിഷേധങ്ങളെ ഭയന്നുള്ള നിലമൊരുക്കലിന്റെ ഭാഗമാണ്.

സംഘപരിവാറിനെ ശക്തമായി വിമര്‍ശിച്ചിരുന്ന കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പന്‍സാരയെയും സ്റ്റാന്‍സ്വാമിയെയും ഇല്ലാതാക്കിയ അതേ ജനാധിപത്യ വിരുദ്ധ ശക്തികള്‍ തന്നെയാണ് അറസ്റ്റും റെയ്ഡുമായി രംഗത്തുവരുന്നത്. ന്യൂനപക്ഷ നേതാക്കളെ അറസ്റ്റുചെയ്ത നടപടിയെയും ഇതിന്റെ തുടര്‍ച്ചയായി മാത്രമേ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിക്കൂ. ജനാധിപത്യ മതേതര ശക്തികള്‍ ഈ വേട്ടയാടലുകളെ കേവല അറസ്റ്റുകളായി കാണാതെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂട നീക്കങ്ങളായി തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News