മതം മാറ്റി ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നുണ; കണ്ണൂര്‍ സ്വദേശിക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍ഐഎ

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചി യൂനിറ്റ് ഒരുവര്‍ഷത്തിനു ശേഷമം അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

Update: 2019-02-01 05:08 GMT

കൊച്ചി: മതം മാറ്റി ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ മുസ്ലിം ചെറുപ്പക്കാരനെതിരേ യുവതി നല്‍കിയ കേസ് പൊളിഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഐഎ അന്വേഷണം അവസാനിപ്പിച്ചു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചി യൂനിറ്റ് ഒരുവര്‍ഷത്തിനു ശേഷമം അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. അന്വേഷണം അവസാനിപ്പിച്ച എന്‍ഐഎ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്നറിയിക്കാന്‍ പരാതിക്കാരിയോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. തുടര്‍ന്ന് എന്‍ഐഎ കോടതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടു.

എന്‍ഐഎ നിയമത്തില്‍ പരാമര്‍ശിക്കുന്ന വിഭാഗത്തില്‍പെടുന്ന കുറ്റകൃത്യങ്ങളൊന്നും കേസിലില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകളില്‍മാത്രം അന്വേഷണം നടത്താന്‍ കേസ് ഫയലുകള്‍ എന്‍ഐഎ പൊലിസിന് മടക്കിനല്‍കി. കേസിന്റെ തുടരന്വേഷണത്തിന് ഡിജിപി പറവൂര്‍ സിഐയെ ചുമതലപ്പെടുത്തി. ഒന്നാംപ്രതി റിയാസിനും മാതാവിനും എതിരെ മാത്രമാവും പൊലിസ് അന്വേഷണം. കേസില്‍ നേരത്തേ പ്രതിചേര്‍ത്ത മറ്റ് ഒമ്പതുപേര്‍ക്കെതിരായ അന്വേഷണം എന്‍ഐഎ അവസാനിപ്പിച്ചിരുന്നു.

കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസ് ഏതാനും വര്‍ഷം മുമ്പാണ് ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയെ വിവാഹം കഴിച്ചത്. ഹൈക്കോടതിയില്‍ റിയാസ് നല്‍കിയ ഹേബിയസ്‌കോര്‍പസ് ഹരജിയെത്തുടര്‍ന്നാണ് യുവതിയെ ഹാജരാക്കി റിയാസിനൊപ്പം വിട്ടത്. പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. നാളുകള്‍ക്കുശേഷം തിരികെവന്ന യുവതി, റിയാസ് ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്നതടക്കം ആരോപണങ്ങള്‍ ഉന്നയിച്ച് പറവൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പറവൂരില്‍ വീടെടുത്ത് നല്‍കിയവര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലിസ്, യുഎപിഎ ചുമത്തി കേസ് എഎന്‍ഐഎക്ക് കൈമാറുകയായിരുന്നു.

റിയാസ് ഗള്‍ഫില്‍ നിന്നു തിരിച്ചുവരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത്. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹം ചെയ്ത പല സംഭവങ്ങളിലും നേരത്തേ സമാനമായ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. മിക്കതും പിന്നീട് നുണയാണെന്ന് തെളിഞ്ഞു. സംഘപരിവാരവുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തിരുന്നു 

Tags:    

Similar News