നിമിഷ പ്രിയയുടെ മോചനം; ജസ്റ്റിസ് കുര്യന്‍ ജോസഫ് ദൗത്യം ഏകോപിപ്പിക്കും

Update: 2022-04-15 06:41 GMT

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. യമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനാണ് പ്രധാന ശ്രമം.

നിമിഷയുടെ മോചനത്തിനായി രണ്ടുസംഘങ്ങളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ ഒരു സംഘത്തിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ടാവും. സര്‍ക്കാര്‍- സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചന ദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം. എന്നാല്‍, ഈ സംഘം യെമന്‍ സന്ദര്‍ശിക്കാനിടയില്ല. നിമിഷയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ തുടങ്ങിയവരടങ്ങിയ സംഘം യെമന്‍ സന്ദര്‍ശിച്ച് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിമിഷക്ക് മാപ്പുനല്‍കണമെന്ന് അപേക്ഷിക്കും.

സുപ്രിംകോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ റഫീഖ് റാവുത്തര്‍, ബാബു ജോണ്‍, അഭിഭാഷക ദീപാ ജോസഫ് തുടങ്ങിയവരുണ്ടാവും. നിമിഷ പ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.

മരിച്ച തലാലിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അനുഭവ സമ്പത്ത് നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും താന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചു.

Tags:    

Similar News