മലപ്പുറം: വണ്ടൂരിനു സമീപം നടുവത്ത് മരണപ്പെട്ട യുവാവിന് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ 24കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സപ്തംബര്‍ ഒമ്പതിനു തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിലെ ഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണമുണ്ടായത്. സപ്തംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. അന്നും പിറ്റേന്നും യുവാവ് വീട്ടിലുണ്ടായിരുന്നു. ആറിന് രാവിലെ 11.30 മുതല്‍ 12 വരെ ഫാസില്‍ ക്ലിനിക്കിലെത്തി. വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും രാത്രി 8.18 മുതല്‍ 10.30 വരെ ജെ എംസി ക്ലിനിക്കിലുമായിരുന്നുവെന്നാണ് റൂട്ട് മാപ്പില്‍ പറയുന്നത്.
ഏഴിനു രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഓട്ടോയിലെത്തി. രാത്രി 7.25 മുതല്‍ 8.24 വരെ എന്‍ഐഎംഎസ് എമര്‍ജന്‍സി വിഭാഗത്തിലും 8.25ന് ഐസിയുവിലേക്കും മാറ്റി. എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ ഇവിടെ ചികില്‍സയിലായിരുന്നു. 1.25ന് എംഇഎസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എംഇഎസ് അത്യാഹിത വിഭാഗത്തില്‍. 3.59 മുതല്‍ 5.25 വരെ എംആര്‍ഐ മുറിയിലായിരുന്നു. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും 6.10ന് എംഐസിയു യൂനിറ്റ് ഒന്നിലേക്കും മാറ്റി. ഒമ്പതിന് പുലര്‍ച്ചെ 12.50 വരെ ഇവിടെ ചികില്‍സയിലാണ്. പുലര്‍ച്ചെ ഒന്നിന് എംഐസിയു യൂനിറ്റ് രണ്ടിലേക്ക് മാറ്റി. പുലര്‍ച്ചെ 8.46 വരെ ഇവിടെ ചികില്‍സയില്‍. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.
നിപ മരണം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.