നിപ രോഗലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

Update: 2023-09-13 14:18 GMT

മലപ്പുറം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ മഞ്ചേരിയിലും നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണങ്ങളോടെയും ചികില്‍സയ്‌ക്കെത്തിയയാളാണ് നിരീക്ഷണത്തിലുള്ളത്. രോഗിയുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    അതിനിടെ, നിപ രോഗബാധ കാരണം കണ്ടെയിന്‍മെന്റ് മേഖലയില്‍ ഉള്‍പ്പെട്ട കോളജുകളിലെ പരീക്ഷകള്‍ മാറ്റിയതായി കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു. കണ്ടെയിന്‍മെന്റ് മേഖലയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News