നിപ ആശങ്ക അകലുന്നു; ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറു പേര്‍ക്കും നിപയില്ല

പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂുട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ആറു പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചുവെങ്കിലും നിലവില്‍ ഇവര്‍ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തന്നെ തുടുരും. മെഡിക്കല്‍ സംഘം വിശദമായി പരിശോധന നടത്തിയശേഷം കുഴപ്പമില്ലെന്നു കണ്ടാല്‍ ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഒബസര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റും അതിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ചതിനു ശേഷം മാത്രമെ ഇവരെ ഡിസ്ചാര്‍ജു ചെയ്യുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി

Update: 2019-06-06 06:10 GMT

കൊച്ചി: നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേര്‍ക്കും നിപ വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ചു. പൂനയിലേ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂുട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ആറു പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചുവെങ്കിലും നിലവില്‍ ഇവര്‍ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തന്നെ തുടുരും. മെഡിക്കല്‍ സംഘം വിശദമായി പരിശോധന നടത്തിയശേഷം കുഴപ്പമില്ലെന്നു കണ്ടാല്‍ ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഒബസര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റും അതിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ചതിനു ശേഷം മാത്രമെ ഇവരെ ഡിസ്ചാര്‍ജു ചെയ്യുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.നിപ ബാധിച്ച യുവാവിനെ പരിചരിച്ച് നേഴ്‌സുമാര്‍,സഹപാഠികള്‍ എന്നിവരടക്കമുള്ളവരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ നിപ സംശയിച്ചായിരുന്നു ഇവരെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഇവരുടെ രക്തമടക്കമുള്ളവയുടെ സാമ്പിളുകള്‍ ആലപ്പുഴ,പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് സ്ഥിരീകരണത്തിനായി അയക്കുകയായിരുന്നു.

ആറു പേരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തന്നെ തുടരുമെന്നു മന്ത്രി കെ കെ ഷൈലജ പറഞ്ഞു.രോഗബാധിതനായ യുവാവിന്റെ നിലയിലും നല്ല രീതിയില്‍ പുരോഗതിയുണ്ട്.നിലവില്‍ കൊച്ചിയിലെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഏഴു പേരാണുള്ളത് ഇതില്‍ ഒരാളെ ഇന്നലെ പനിയും മറ്റു ലക്ഷണങ്ങളുമായി കൊണ്ടുവന്നതാണ്. ഇദ്ദേഹത്തിന്റെ സാമ്പിളുകളും ഇന്ന് പരിശോധനയ്ക്ക് അയ്ക്കും. ഇതു കൂടാതെ തൃശുരില്‍ രണ്ടു പേരും കോഴിക്കോട് ഒരാളുമുണ്ടെന്നും മന്ത്രി പറഞ്ഞു.ഇതുകൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പട്ടികയിലെ 314 പേര്‍ നിരീക്ഷണത്തിലാണ്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. വവ്വാലില്‍ നിന്നു തന്നെയാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. എന്നാല്‍ അത് ഏതുവിധേനയെന്നത് സംബന്ധിച്ച് കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.നിപയക്ക് ഇതുവരെ കൃത്യമായ മരുന്നു കണ്ടെത്തിയിട്ടില്ല. ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി എന്ന മരുന്നു കൈയില്‍ സ്റ്റോക്കുണ്ട്. അനിവാര്യമായ ഘട്ടത്തില്‍ മാത്രമെ ഇത് നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News