നൈസാമിന്റെ ശതകോടികളുടെ സ്വത്തില്‍ വീണ്ടും തര്‍ക്കം; അനന്തരാവകാശികള്‍ ലണ്ടന്‍ കോടതിയില്‍

കേസില്‍ ഇന്ത്യയ്ക്കും മുക്കറം ഝാക്കും സഹോദരന്‍ മുഫഖം ഝാക്കും സ്വത്ത് വീതിച്ച് നല്‍കിയത് ശരിയായ രീതിയിലല്ലെന്നും നൈസാമിന്റെ എസ്‌റ്റേറ്റ് മേല്‍നോട്ടക്കാരന്‍ വിശ്വാസ ലംഘനം നടത്തിയെന്നും കാട്ടി നൈസാമിന്റെ 116 മറ്റ് അനന്തരവകാശികള്‍ക്ക് വേണ്ടി നൈസാമിന്റെ അനന്തരാവകാശികളില്‍ ഒരാളായ നജഫ് അലി ഖാനാണ് കോടതിയെ സമീപിച്ചത്.

Update: 2020-07-23 10:23 GMT

ലണ്ടന്‍: ലണ്ടന്‍ കോടതി ഒത്തുതീര്‍പ്പാക്കിയ ഹൈദരാബാദ് നൈസാമിന്റെ സ്വത്ത് സംബന്ധിച്ച കേസ് വീണ്ടും കോടതി നടപടികളിലേക്ക് നീങ്ങുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള തര്‍ക്കത്തില്‍ ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ലണ്ടനിലെ റോയല്‍ കോര്‍ട് ഓഫ് ജസ്റ്റിസ് വിധിച്ചിരുന്നു. നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് പാകിസ്താന്‍ കേസിന് പോയതോടെ നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുക്കറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിക്കുകയും ഇന്ത്യ അവര്‍ക്ക് പിന്തുണ നല്‍കുകയുമായിരുന്നു.

നാറ്റ് വെസ്റ്റ് ബാങ്കിലാണ് ഹൈദരാബാദ് നൈസാം വന്‍തുക നിക്ഷേപിച്ചത്. നൈസാം ലണ്ടനില്‍ നിക്ഷേപിച്ച സ്വത്തുക്കള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മുക്കറം ഝാക്കെതിരെ 2013ലാണ് പാകിസ്താന്‍ പരാതി നല്‍കിയത്. 2019 ഒക്‌ടോബറില്‍ ഇന്ത്യക്ക് അനുകൂലമായി ലണ്ടന്‍ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍, ഈ കേസില്‍ ഇന്ത്യയ്ക്കും മുക്കറം ഝാക്കും സഹോദരന്‍ മുഫഖം ഝാക്കും സ്വത്ത് വീതിച്ച് നല്‍കിയത് ശരിയായ രീതിയിലല്ലെന്നും നൈസാമിന്റെ എസ്‌റ്റേറ്റ് മേല്‍നോട്ടക്കാരന്‍ വിശ്വാസ ലംഘനം നടത്തിയെന്നും കാട്ടി നൈസാമിന്റെ 116 മറ്റ് അനന്തരവകാശികള്‍ക്ക് വേണ്ടി നൈസാമിന്റെ അനന്തരാവകാശികളില്‍ ഒരാളായ നജഫ് അലി ഖാനാണ് കോടതിയെ സമീപിച്ചത്.

അതേസമയം, കേസ് പുനരാരംഭിക്കാനുളള അപേക്ഷ നേരത്തേ വിധി പറഞ്ഞ ജഡ്ജി സ്മിത് തളളി. എന്നാല്‍, ഇവരുടെ വാദം വരും ദിവസങ്ങളില്‍ കേള്‍ക്കാന്‍ ജഡ്ജി സമ്മതം മൂളി.

1948ലാണ് കേസ് തുടങ്ങുന്നത്. ഹൈദരാബാദ് നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഒരു മില്ല്യണ്‍ പൗണ്ടും ഒമ്പത് ഷില്ലിങുമാണ് ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചത്.ബ്രിട്ടനിലെ പാകിസ്താന്റെ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഹൈദരാബാദ് ആ സമയം ഇന്ത്യയില്‍ ലയിച്ചിരുന്നില്ല. 1950ല്‍ തന്റെ അനുവാദമില്ലാതെ പണം കൈമാറ്റം ചെയ്യരുതെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്താനുമായി കരാറില്ലാതെ പണം തിരികെ നല്‍കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. അതോടെ അദ്ദേഹം ബാങ്കിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പരാതി നല്‍കി. അദ്ദേഹത്തിന്റെ മരണശേഷം നിക്ഷേപം മരവിപ്പിച്ചു. 2013ല്‍ നിക്ഷേപത്തില്‍ പാകിസ്താന്‍ അവകാശം ഉന്നയിച്ചതോടെ നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുകയായിരുന്നു.

Tags:    

Similar News