നിസാമുദ്ദീന്‍ - എറണാകുളം സ്‌പെഷ്യല്‍ തീവണ്ടിയുടെ എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നു; മാറ്റം നവംബര്‍ 30 മുതല്‍

എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്‌റ്റേഷനുകളിലും നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്.

Update: 2020-11-22 05:53 GMT

കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ (02618) ട്രെയിന്‍ കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്‌റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്‌റ്റേഷനുകളിലും നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്.

കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്‌റ്റോപ്പുകളാണ് ഒഴിവാക്കുക. നിലവിലെ സ്‌പെഷ്യല്‍ ട്രെയിനാണ് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. മാത്രമല്ല രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്‌റ്റേഷനുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം.

ലോക്ക്ഡൗണിന് പിന്നാലെ കേരളത്തിലൂടെ ലോകമാന്യതിലക്-തിരുവനന്തപുരം, നിസാമുദ്ദീന്‍-എറണാകുളം എന്നീ പ്രത്യേക തീവണ്ടികളാണ് ഓടിയിരുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സ്‌റ്റോപ്പ് അനുവദിച്ചിരുന്നത്. നിലവില്‍ മംഗളലക്ഷദ്വീപ് എക്‌സ്പ്രസ് ഓടിയിരുന്ന സമയത്താണ് ഈ തീവണ്ടി ഓടുന്നത്.

കൊറോണ വ്യാപന സാധ്യത ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെങ്കിലും കൊറോണ നീങ്ങിയാലും ഈ സ്‌റ്റോപ്പുകള്‍ ഇനി അനുവദിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ലോകമാന്യതിലക്തിരുവനന്തപുരം തീവണ്ടിക്ക് സ്‌റ്റോപ്പുകള്‍ കുറച്ചിട്ടില്ല.

Tags:    

Similar News