നോയിഡ: വ്യക്തിഗത രഹസ്യചോരണത്തിനും ഭരണകൂട നിരീക്ഷണത്തിനുമുള്ള സാധ്യത ചൂണ്ടിക്കാട്ടി വിദഗ്ധര്‍ എതിര്‍ക്കുന്ന ആരോഗ്യ സേതു ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ ഡൗണ്‍ലോഡ് ചെയ്തില്ലെങ്കിലും കേസെടുക്കുമെന്ന് പോലിസ്. യുപിയിലെ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് ആരോഗ്യസേതു ആപ്പ് ഇല്ലാത്ത സ്മാര്‍ട്ട് ഫോണുകളുണ്ടെങ്കില്‍ അതിനെ ലോക്ക്ഡൗണ്‍ ലംഘനമായി കണക്കാക്കി കുറ്റകൃത്യമായി പോലിസ് കേസെടുക്കുക. ഇതുസബംന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മാസ്‌ക് ധരിക്കാതിരിക്കുകയോ പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ ചെയ്യുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ പോലിസ് അറിയിച്ചു.
കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ അവശ്യ ആരോഗ്യ സേവനങ്ങളെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. എന്നാല്‍, സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ചോരുകയോ മറ്റോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. മാത്രമല്ല, ബ്ലൂടൂത്ത് ഉപയോഗിച്ച് വ്യക്തികളുടെ സഞ്ചാരപദങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുകയും അവ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത് ഭരണകൂട നിരീക്ഷണമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ സേതുവിലെ വിവരങ്ങള്‍ കുത്തകകള്‍ക്കും മറ്റും കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊവിഡുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍, കൊവിഡ് ബാധിതര്‍ സമീപത്തുണ്ടെങ്കില്‍ അറിയിക്കല്‍, പാലിക്കേണ്ട് നിര്‍ദേശങ്ങള്‍ എന്നിവയാണ് ആപ്ലിക്കേഷനിലുള്ളത്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരേ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് ഭീതിയെ പൗരന്‍മാരെ നിരീക്ഷിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നായിരുന്നു വിമര്‍ശനം. ഇതിനിടെയാണ് നോയ്ഡയില്‍ ആരോഗ്യ സേതു ആപ്ലിക്കേഷനില്ലാത്ത സ്മാര്‍ട്ട് ഉപയോക്താക്കള്‍ക്കെതിരേ കേസെടുക്കുമെന്ന പോലിസ് നിര്‍ദേശവും പുറത്തുവന്നിട്ടുള്ളത്. 'സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ശിക്ഷാര്‍ഹവും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനമായി കണക്കാക്കുകയും ചെയ്യുമെന്ന് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ അശുതോഷ് ദ്വിവേദി പറഞ്ഞു.