ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാത്തവര്‍ക്ക് സാധാരണ ഫോണ്‍ ഉപയോഗിച്ചും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ബാങ്ക് ബാലന്‍സ് അറിയുന്നതിനുമുള്ള 'യുപിഎ 123 പേ' സംവിധാനത്തിന് തുടക്കമായി. ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയില്‍ പണമിടപാടിന് ഉപയോഗിക്കുന്ന യുപിഐ (യൂനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സേവനം തന്നെയാണ് ഇവിടെയും ഉപയോഗിക്കുക. നിലവില്‍ *99# എന്ന നമ്പര്‍ ഡയല്‍ചെയ്ത് യുപിഐ ഉപയോഗിക്കാമെങ്കിലും എളുപ്പമല്ലായിരുന്നു. ഇതിന് പകരമാണ് റിസര്‍വ് ബാങ്കാണ് ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന യുപിഐ 123 പേ സംവിധാനം രാജ്യത്ത് അവതരിപ്പിക്കുന്നത്.
നിലവില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി യുപിഐ പേയ്‌മെന്റ് സൗകര്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഏറ്റവും ജനപ്രിയ പേയ്‌മെന്റ് രീതിയായി യുപിഐ സമ്പ്രദായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സാധാരണ ഫോണ്‍ ഉപയോഗിക്കുന്ന 40 കോടിയിലധികം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. മൊബൈല്‍ റീചാര്‍ജ്, എല്‍പിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാര്‍ജ്, ഇഎംഐ റീപേയ്‌മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യവും ലഭ്യമാവും.
ഇന്റര്‍നെറ്റ് ഇല്ലാത്ത സാധാരണ ഫോണ്‍ (ഫീച്ചര്‍ ഫോണ്‍) ഉപയോഗിക്കുന്ന 40 കോടിയിലധികം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ഏറെ സഹായകരമാവുന്നതാണ് പുതിയ ഡിജിറ്റര്‍ പേയ്‌മെന്റ് സംവിധാനം. ട്രായ് 2021 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഏകദേശം 118 കോടി മൊബൈല്‍ ഉപയോക്താക്കളുടെ വലിയ മൊബൈല്‍ ഫോണ്‍ ഉപഭോക്തൃ അടിത്തറ ഇന്ത്യയിലുണ്ട്. ഇതില്‍ 74 കോടി പേര്‍ക്ക് (ജൂലൈ 2021) സ്മാര്‍ട്ട് ഫോണുകളുണ്ട്. ബാക്കിവരുന്ന 40 കോടിയിലധികമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍.
ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നൂതനമായ പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പരിമിതിയേറെയാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ യുപിഐ സേവനത്തോടെ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാനുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 'ഡിജിറ്റല്‍സാഥി' എന്ന ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു. ഫോണ്‍: 18008913333, 14431 വെബ്‌സൈറ്റ്: www.digisaathi.info.