നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ആര്‍എസ്സുകാര്‍ക്കെതിരേ നടപടിയില്ല; പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

Update: 2022-02-06 06:48 GMT

കൊല്ലം: ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖലാ പ്രസിഡന്റിന്റെ ഭാര്യയെ ആര്‍എസ് എസ് സംഘം വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിന് നേതൃത്വം നല്‍കിയ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖലാ പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യയും എംഎല്‍റ്റി വിദ്യാര്‍ത്ഥിനിയുമായ സാന്ദ്രയെ

വടക്കുംഭാഗം ചാവടിമുക്കിനു സമീപം സ്‌കൂട്ടറില്‍ വരുന്നതിനിടയിലാണ് ആര്‍എസ്എസ് സംഘം തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഗോഡ്‌സയെ കെട്ടി തൂക്കിയത് പോലെ നിന്നെയും, നിന്റെ ഭര്‍ത്താവിനെയും തൂക്കി കൊല്ലുമെന്നും വെള്ള പുതപ്പിച്ച് കിടത്തുമെന്നും സംഘം ഭീഷണി മുഴക്കി. ഗുരുതരമായ സംഭവത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് സംഘത്തിനെതിരെ പരാതി നല്‍കിയിട്ടും നിയമനടപടികള്‍ സ്വീകരിക്കാത്ത പോലിസ് അധികൃതരുടെ നടപടിയില്‍ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ അറസ്റ്റ് ചെയ്യാനെ അധികൃതര്‍ തയ്യാറായിട്ടില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കി നിരവധി പദ്ധതികളും, നിയമങ്ങളും സ്ത്രീകള്‍ക്കായി കൊണ്ടുവന്ന് നടപ്പിലാക്കുന്ന നാട്ടിലാണ് പെണ്‍കുട്ടി നേരിട്ട് പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത്. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ചവറ നടയ്ക്കാവില്‍ ഗോഡ്‌സെയെ ഡിവൈഎഫ്‌ഐ പ്രതീകാത്മകമായി തൂക്കിലേറ്റിയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഈ രംഗം കണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് സാന്ദ്രയെ

ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സ്ത്രീകള്‍ക്ക് നെരെ ഭീഷണിമുഴക്കി വഴിയില്‍ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ആര്‍ എസ് എസ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച്ച എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് മനീഷും, സെക്രട്ടറി സി രതീഷും പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News