ഉന്നാവോ ബലാല്‍സംഗ ഇരയെ വാഹനമിടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസ്: തെളിവില്ലെന്ന്; മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിനെയും കൂട്ടാളികളെയും വെറുതെ വിട്ടു
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെയും കൂട്ടാളികളായ അഞ്ചുപേരെയും ഡല്‍ഹി കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളായ സെന്‍ഗാര്‍, ജ്ഞാനേന്ദ്ര സിങ്, കോമള്‍ സിങ്, അരുണ്‍ സിങ്, റിങ്കു സിങ്, അവ്‌ദേഷ് സിങ് എന്നിവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെ വെറുതെ വിട്ടത്. അതേസമയം, മറ്റ് കൂട്ടുപ്രതികളായ ആശിഷ് കുമാര്‍ പാല്‍, വിനോദ് മിശ്ര, ഹരിപാല്‍ സിങ്, നവീന്‍ സിങ് എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകള്‍ കണ്ടെത്തിയ കോടതി, അവര്‍ക്കെതിരേ കുറ്റം ചുമത്തി.
വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 506(ii), ഐപിസി 34 എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഉന്നാവോ ബലാല്‍സംഗ ഇരയായ പെണ്‍കുട്ടിയും അഭിഭാഷകനും രണ്ട് അമ്മായിമാരും സഞ്ചരിച്ച കാറിനെയാണ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി എയിംസില്‍ അടക്കം പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കിയിരുന്നു. മരണത്തോട് മല്ലടിച്ചുകിടന്ന പെണ്‍കുട്ടി ഇതുവരെയായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുപോലുമില്ല.
ഇരയെ കൊലപ്പെടുത്താന്‍ സെന്‍ഗാറും അദ്ദേഹത്തിന്റെ സഹായികളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വാഹനാപകടമെന്ന് പരാതി ഉയര്‍ന്നു. ഇതോടെ സെന്‍ഗാറിനും കൂട്ടാളികള്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇരയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ സാധ്യത അന്വേഷണത്തില്‍ സിബിഐ തള്ളിക്കളഞ്ഞു. സിബിഐ അന്വേഷണത്തിലെ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഹരജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കാറിനെ ഇടിച്ചിട്ട ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റുകൊണ്ട് മറച്ചിരുന്നതും ബോധപൂര്‍വമാണ് അപകടമെന്നത് ബലപ്പെട്ടിരുന്നു. അറസ്റ്റിലായ ശേഷവും സെന്‍ഗാര്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തരം വസ്തുതകളൊന്നും സിബിഐ അവഗണിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മറ്റ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതിനുള്ള കേസ് കോടതി നാളെ പരിഗണിക്കും.