9/11 ആക്രമണം: സൗദിയുടെ പങ്കിന് തെളിവില്ലെന്ന് എഫ്ബിഐ റിപോര്‍ട്ട്
യുഎസിലെ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ശനിയാഴ്ച വൈകീട്ടാണ് 16 പേജുള്ള റിപോര്‍ട്ട് പുറത്തുവിട്ടത്. വിമാനം റാഞ്ചിയവര്‍ക്ക് അമേരിക്കയിലെ സൗദി സഹകാരികളുമായുള്ള ബന്ധങ്ങളെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഗൂഢാലോചനയില്‍ സൗദി സര്‍ക്കാരിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
വാഷിങ്ടണ്‍: 2001 സപ്തംബര്‍ 11ന് അമേരിക്കയിലെ ഇരട്ടഗോപുരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിമാനം റാഞ്ചിയവര്‍ക്ക് സൗദി അറേബ്യയിലെ പ്രമുഖരുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന ഊഹാപോഹങ്ങള്‍ തള്ളി എഫ്ബിഐ റിപോര്‍ട്ട്. യുഎസിലെ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ശനിയാഴ്ച വൈകീട്ടാണ് 16 പേജുള്ള റിപോര്‍ട്ട് പുറത്തുവിട്ടത്. വിമാനം റാഞ്ചിയവര്‍ക്ക് അമേരിക്കയിലെ സൗദി സഹകാരികളുമായുള്ള ബന്ധങ്ങളെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഗൂഢാലോചനയില്‍ സൗദി സര്‍ക്കാരിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
പെന്റഗണ്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന് രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോഴാണ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം എഫ്ബി ഐ റിപോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തില്‍ മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ആരോപിച്ച് ന്യൂയോര്‍ക്കില്‍ ഒരു കേസ് നടക്കുന്നുണ്ട്. ഇതിന്റെ ആവശ്യത്തിനായി ഇരകളുടെ കുടുംബങ്ങള്‍ രേഖകള്‍ ആവശ്യപ്പെട്ട് ബൈഡനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവാതിരുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.
സൗദി അറേബ്യയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇരകളുടെ കുടുംബം നിയമപോരാട്ടം നടത്തുന്നത്. വിമാനങ്ങള്‍ റാഞ്ചി ആക്രമണം നടത്തിയ 19 പേരില്‍ 15 പേര്‍ സൗദികളാണെന്ന് വ്യക്തമായതിനു പിന്നാലെ സംഭവത്തില്‍ സൗദി അറേബ്യയ്ക്ക് പങ്കുണ്ടെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. മാത്രമല്ല, ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് അമേരിക്ക അവകാശപ്പെടുന്ന അല്‍ഖ്വയ്ദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദനും സൗദിയിലെ ഒരു പ്രമുഖ കുടുംബാംഗമാണെന്നതും ഊഹാപോഹത്തിനു കാരണമായിരുന്നു.
എന്നാല്‍, സൗദി സര്‍ക്കാര്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 'തങ്ങളുടെ രാജ്യത്തിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എല്ലാം അവസാനിപ്പിക്കാനുള്ള ഒരു മാര്‍ഗമായി എല്ലാ രേഖകളും തരംതിരിച്ച് പുറത്തുവിടുന്നതിനെ പിന്തുണയ്ക്കുന്നതായി വാഷിംഗ്ടണിലെ സൗദി എംബസി വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ സൗദി അറേബ്യ പങ്കാളിയാണെന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനപരമായി തെറ്റാണെന്നും എംബസി അധികൃതര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികളോടും അന്വേഷണ രേഖകളുടെ തരംതിരിച്ചുള്ള അവലോകനം നടത്താനും ആറ് മാസത്തിനുള്ളില്‍ കഴിയുന്നവ പുറത്തുവിടാനും ഉത്തരവിട്ടത്. ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വടക്കന്‍ വിര്‍ജീനിയ എന്നിവിടങ്ങളില്‍ സപ്തംബര്‍ 11 അനുസ്മരണ പരിപാടികളില്‍ ബൈഡന്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കുശേഷം ശനിയാഴ്ച രാത്രിയാണ് 16 പേജുകളുള്ള പുറത്തുവിട്ടത്. 2015ല്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ച ഒരു അജ്ഞാത വ്യക്തിയുമായുള്ള ഡോക്യുമെന്ററിയില്‍, വിമാന റാഞ്ചികളായ പൗരന്‍മാരുമായി സൗദി എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും കാര്യമായ പിന്തുണ നല്‍കിയിരുന്നുവെന്നും ആരോപിച്ചിരുന്നു.
ലോസ് ഏഞ്ചല്‍സിലെ സൗദി കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് ഡോക്യുമെന്ററിയിലെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നില്ല. സൗദി ഭരണകൂടവുമായി ബന്ധമുണ്ടായിരുന്ന ഉമര്‍ അല്‍ബയൂമി എന്ന വ്യക്തി 2000 ഫെബ്രുവരിയില്‍ വിമാന റാഞ്ചികളില്‍പ്പെട്ട നവാഫ് അല്‍ ഹസ്മി, ഖാലിദ് അല്‍ മിഹ്ദര്‍ എന്നിവരുമായി റെസ്‌റ്റോറന്റില്‍ കൂടിക്കാഴ്ച നടത്തിയെന്നും ദക്ഷിണ കാലിഫോര്‍ണിയയിലെത്തിയ ഉടന്‍ തന്നെ ഇരുവര്‍ക്കും സാന്‍ ഡിയാഗോയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചെന്നുമായിരുന്നു അജ്ഞാതന്റെ ആരോപണം.
മാത്രമല്ല, അക്കാലത്ത് ലോസ് ഏഞ്ചല്‍സിലെ സൗദി കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞനായിരുന്ന ഫഹദ് അല്‍ തുമൈരിയെക്കുറിച്ചും അജ്ഞാതന്‍ ആരോപണമുന്നയിച്ചിരുന്നു. യുഎസ് പിന്നീട് അറസ്റ്റ് ചെയ്ത് ഗ്വാണ്ടനാമോ ജയിലിലടച്ചവരുടെ സൗദി അറേബ്യയിലെ കുടുംബങ്ങളുമായി 1999ല്‍ തുമൈരിയുടെ ഫോണില്‍നിന്ന് ഏഴ് മിനിറ്റ് ആശയവിനിമയം നടത്തിയെന്നും പറഞ്ഞിരുന്നു. അല്‍ ബയൂമിയും അല്‍ തുമൈരിയും ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് യുഎസ് വിട്ടു.
അതിനാല്‍തന്നെ ആക്രമണത്തെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കാനുള്ള സുപ്രധാന രേഖയായാണ് ഇരകളുടെ കുടുംബം ഇതിനെ കണ്ടത്. എന്നാല്‍, ഇവരെയെല്ലാം സൗദി ഭരണകൂടം സഹായിച്ചതിനു യാതൊരു തെളിവുമെല്ലിന്നാണ് ഇപ്പോള്‍ പുറത്തുവിട്ട എഫ്ബിഐയുടെ ആദ്യറിപോര്‍ട്ടിലുള്ളത്.