'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
ട്രെയിന്‍ യാത്രക്കാരിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയില്‍ പിടിയിലായ ആര്‍ എസ് ജ്യോതി(38) ആണ് കോടതിയെ സമീപിച്ചത്.
കൊല്ലം: തടവില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. സിനിമയില്‍ അഭിനയിക്കാനുള്ളതാണെന്നും മുടിവെട്ടരുതെന്നും ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപേക്ഷയിലാണ് ജില്ലാകോടതിയുടെ ഉത്തരവ്. ട്രെയിന്‍ യാത്രക്കാരിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയില്‍ പിടിയിലായ ആര്‍ എസ് ജ്യോതി(38) ആണ് കോടതിയെ സമീപിച്ചത്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ജ്യോതി.
റിമാന്‍ഡില്‍ കഴിയവെ ജയില്‍ അധികൃതര്‍ മുടി വെട്ടാന്‍ ശ്രമിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ജ്യോതിയുടെ നീട്ടിവളര്‍ത്തിയ മുടി വെട്ടാന്‍ ജില്ലാ ജയില്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. തമിഴ്‌സിനിമയില്‍ വില്ലന്‍ വേഷം ചെയ്യേണ്ടതിനാല്‍ മുടി വെട്ടരുതെന്നായിരുന്നു ആവശ്യം. ജയില്‍ മാന്വല്‍ ചൂണ്ടിക്കാട്ടി മുടി വെട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.