പെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കിയെന്നും റിപോര്‍ട്ട് പറയുന്നു.
കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന് വീഴ്ച്ച വന്നിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. റവന്യൂ വകുപ്പിന് നല്‍കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ കാലതാമസം വരുത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും റിപോര്‍ട് വിശദീകരിച്ചു.
പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കിയെന്നും റിപോര്‍ട്ട് പറയുന്നു.
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.