മാധ്യമങ്ങളില്‍ വരുന്ന മൊഴി വസ്തുതാവിരുദ്ധം; വിദേശത്ത് നിക്ഷേപമില്ലെന്നും സ്പീക്കര്‍
തിരുവനന്തപുരം: വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ ഇഡിയുടെ വാദം അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ അഹമ്മദിനെ പരിചയമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു. രാഷ്ട്രീയ താത്പര്യം വച്ചുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്.
മൊഴിയില്‍ പറയുന്ന പോലെ ഷാര്‍ജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ല. മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ള പ്രതി എട്ടോളം മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇതൊന്നും വിശ്വസനീയമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇതില്‍ ഭൂമി അനുവദിക്കാന്‍ വാക്കാല്‍ ധാരണയായി. പിന്നീട് ഇതേ ആവശ്യത്തിനായി യുഎഇ സന്ദര്‍ശിച്ച് മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നുമാണ് മൊഴിയില്‍ പറയുന്നത്.
പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് മിഡില്‍ ഈസ്റ്റ് കോളജ്. തിരുവനന്തപുരം സ്വദേശിയായ ഹിരണിനും ഇതില്‍ പങ്കാളിത്തമുണ്ട്. ശ്രീരാമകൃഷ്ണനും ഇതില്‍ നിക്ഷേപമുണ്ടെന്നും കോളജിന്റെ വിവിധ ശാഖകള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും സ്വപ്ന മൊഴി നല്‍കിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
No investment abroad: Speaker P Sreeramakrishnan