എഡിഎം നവീന്‍ ബാബുവിന് വീഴ്ച്ചയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി വി പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപോര്‍ട്ട്. ജോയിന്റ് കമ്മീഷണര്‍ എം ഗീതയുടെ റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും.
കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി വി പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും.