സ്ത്രീകള്‍ക്ക് മഹ്‌റം ഇല്ലാതെ ഹജ്ജിന് അനുമതി; എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് പ്രധാനമന്ത്രി മോദി

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) 28ാമത് സ്ഥാപക ദിനപരിപാടിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയാണ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് ഹജ്ജ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള സൗദി തീരുമാനത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ മോദി ശ്രമം നടത്തിയത്.

Update: 2021-10-13 15:12 GMT

ന്യൂഡല്‍ഹി: പുരുഷ രക്ഷാകര്‍ത്താക്കളില്ലാതെ (മഹ്‌റം) സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ സൗദി അറേബ്യ മാറ്റം വരുത്തിയത് തന്റെ സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) 28ാമത് സ്ഥാപക ദിനപരിപാടിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയാണ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് ഹജ്ജ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള സൗദി തീരുമാനത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ മോദി ശ്രമം നടത്തിയത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയിട്ടുള്ളത്.

ഇന്ത്യ എല്ലായ്‌പ്പോഴും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും മുത്തലാഖ് സമ്പ്രദായം നിരോധിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് തന്റെ സര്‍ക്കാര്‍ പുതിയ അവകാശം നല്‍കിയെന്നും അവകാശപ്പെട്ട മോദി മഹര്‍റം കൂടാതെ ഹജ്ജ് നിര്‍വഹിക്കുന്നതിനുണ്ടായ തടസ്സത്തില്‍നിന്ന് തന്റെ സര്‍ക്കാര്‍ സ്ത്രീകളെ മോചിപ്പിച്ചെന്നുമായിരുന്നു മോദി തട്ടിവിട്ടത്.

ആരാണ് മഹ്‌റം, സ്ത്രീക്ക് ഹജ്ജിന് മഹര്‍റമില്ലാതെ യാത്ര ചെയ്യാനാവുമോ?

ഒരു സ്ത്രീയെ അവരുടെ അടുത്ത രക്തബന്ധം കൊണ്ടോ വിവാഹം കൊണ്ടോ (ഭര്‍ത്താവ്, ഭര്‍ത്താവിന്റെ പിതാവ്, മുത്തച്ഛന്‍ മുതലായവ) ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിവാഹം കഴിക്കുന്നത് നിഷിദ്ധമായ വ്യക്തിയാണ് മഹര്‍റം. ഇസ്‌ലാമിക നിയമമനുസരിച്ച്, ഹജ്ജിന് പോവുന്നതിന് ഒരു സ്ത്രീക്ക് മഹ്‌റത്തിന്റെ അകമ്പടി വേണം.

ഹജ്ജ്, ഉംറ വിസ മാര്‍ഗ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന സൗദി എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ സ്ത്രീകള്‍ മഹ്‌റത്തിനൊപ്പം ഹജ്ജിനോ ഉംറയ്‌ക്കോ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

എന്നിരുന്നാലും, 45 വയസ്സിനു മുകളിലുള്ള ഏതൊരു സ്ത്രീക്കും മഹ്‌റമില്‍നിന്ന് എതിര്‍പ്പില്ലെന്ന കത്ത് സമര്‍പ്പിച്ചാല്‍ സംഘടിത ഗ്രൂപ്പിനൊപ്പം ഗ്രൂപ്പുമായി മഹ്‌റമില്ലാതെ യാത്ര ചെയ്യാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്.

എന്നിരുന്നാലും, മഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാമെന്നാണ് ഈ വര്‍ഷം സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 'ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തിഗതമായി രജിസ്റ്റര്‍ ചെയ്യണം. മറ്റ് സ്ത്രീകളോടൊപ്പം ഒരു മഹ്‌റം (പുരുഷ രക്ഷിതാവ്) ഇല്ലാതെ സ്ത്രീകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം, മന്ത്രാലയം ഒരു ഇന്‍ഫോഗ്രാഫില്‍ വിശദീകരിച്ചു. എന്നിരുന്നാലും, ഈ വര്‍ഷത്തെ നിയമം ഒരു അപവാദമാണോ അതോ ഒരു മാനദണ്ഡമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ആദ്യമായിട്ടല്ല

സ്ത്രീകള്‍ക്ക് ഹജ്ജിന് പോകുന്നതിന് 'മഹ്‌റം' എന്ന ഇസ്ലാമിക വിധി തന്റെ സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി പ്രധാനമന്ത്രി മോദി അവകാശപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ല്‍ തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കി ബാത്തിലു' മോദി ഇതേ തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നു.

Tags:    

Similar News