'എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ട'; 'ഗ്യാന്‍വാപി'യില്‍ കോടതി തീരുമാനം അംഗീകരിക്കണമെന്ന് ആര്‍എസ്എസ് മേധാവി

Update: 2022-06-02 18:07 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്നും മോഹന്‍ ഭഗവത് ചോദിച്ചു.

ഗ്യാന്‍വാപി തര്‍ക്കത്തില്‍ വിശ്വാസത്തിന്റെ ചില പ്രശ്‌നങ്ങളുണ്ടെന്നും കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും എന്നാല്‍ എല്ലാ പള്ളികളിലും ശിവലിംഗം കണ്ടെത്തി ഓരോ ദിവസവും പുതിയ തര്‍ക്കം തുടങ്ങേണ്ട കാര്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാം വര്‍ഷ പരിശീലന ക്യാംപിന്റെ സമാപന ചടങ്ങിനെ അഭിസംബോധനം ചെയ്യുകയായിരുന്നു മോഹന്‍ ഭഗവത്. അയോധ്യ സമരത്തില്‍ പങ്കെടുത്തത് ഒരു അപവാദമാണെന്ന് ആര്‍എസ്എസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ അത്തരം പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ (വാരണാസിയിലെ) ഗ്യാന്‍വാപി പള്ളിയുടെ പ്രശ്‌നം നടക്കുകയാണ്. ചരിത്രം നമുക്ക് മാറ്റാന്‍ കഴിയില്ല. ആ ചരിത്രം നമ്മളോ ഇന്നത്തെ ഹിന്ദുക്കളോ മുസ്‌ലിംകളോ ഉണ്ടാക്കിയതല്ല. ഇസ്‌ലാം ഇന്ത്യയില്‍ വന്ന കാലത്താണ് അത് സംഭവിച്ചത്. അധിനിവേശ സമയത്ത്, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആളുകളുടെ മനോവീര്യം ദുര്‍ബലപ്പെടുത്താന്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, അത്തരം ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്'. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ ഒന്നും പറയാന്‍ സംഘത്തിന് താല്‍പ്പര്യമില്ല. ഭഗവത് പറഞ്ഞു, 'നവംബര്‍ 9 ന് ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ അവിടെ പറഞ്ഞിരുന്നു. ചില ചരിത്രപരമായ കാരണങ്ങളാലും അന്നത്തെ സാഹചര്യങ്ങളാലും നമ്മുടെ സ്വഭാവത്തിന് വിരുദ്ധമാണെങ്കിലും ഞങ്ങള്‍ രാമജന്മഭൂമി സമരത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ ആ ജോലി പൂര്‍ത്തിയാക്കി, ഇപ്പോള്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തര്‍ക്കത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഒരുമിച്ച് ഇരുന്ന് പരസ്പര സമ്മതത്തോടെ വഴി കണ്ടെത്തണമെന്നും ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

'ഇത്തരം സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രത്യേകവും പ്രതീകാത്മകവുമായ വിശ്വാസമുണ്ടെന്നത് ശരിയാണ്, പക്ഷേ ഓരോ ദിവസവും ഒരു പുതിയ പ്രശ്‌നം ഉന്നയിക്കരുത്. എന്തിനാണ് തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്? ഗ്യാന്‍വാപിയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് ചില വിശ്വാസങ്ങളുണ്ട്, ചില പാരമ്പര്യങ്ങളുണ്ട്, പക്ഷേ എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗത്തെ അന്വേഷിക്കുന്നത്?'. ആര്‍എസ്എസ് മേധാവി ചോദിച്ചു.

മുസ് ലിംകളുടെ ആരാധനാരീതി പുറത്തുനിന്നാണെങ്കിലും അവര്‍ പുറത്തുനിന്നുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News