ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല: ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു- സാദിഖലി ശിഹാബ് തങ്ങള്‍

ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.'സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു

Update: 2021-12-10 14:09 GMT
ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല: ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു- സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല, പക്ഷെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുണ്ടെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. മുഖ്യമന്ത്രിക്കും മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരേ ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പരാമര്‍ശത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. 'ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.

 ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.'സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി അബ്ദുറഹ്മാന്‍ കല്ലായിയും രംഗത്തെത്തിയിട്ടുണ്ട്. സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഖമുണ്ടെന്നും അബ്ദുറഹ്മാന്‍ കല്ലായി പ്രസ്താവനയിലൂടെ പറഞ്ഞു. ഇതിനു പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം. മുഖ്യ മന്ത്രി പിണറായി വിജയനെയും മന്ത്രി റിയാസിനെയും വിളിച്ച് ഖേദപ്രകടനം നടത്തിയതായും സാദിഖലി തങ്ങള്‍ കുറിപ്പില്‍ സൂചിപ്പിച്ചു. 

Tags:    

Similar News