'ജാമ്യം നിഷേധിക്കാന്‍ ഒരു കാരണവുമില്ല'; ടീസ്ത സെതല്‍വാദ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി
ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ജയിലിലായി ആറ് ആഴ്ച കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളല്ലാതെ കൂടുതലൊന്നും എഫ്‌ഐആറില്‍ പറയുന്നില്ല. സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ആഗസ്ത് മൂന്നിന് നോട്ടീസ് നല്‍കിയെങ്കിലും നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി.
എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്ത സെതല്‍വാദിന് കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടിസ് നല്‍കുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവര്‍ത്തന രീതിയെന്നും സുപ്രിംകോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും കേള്‍ക്കും. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ജൂണ്‍ 26 മുതല്‍ ടീസ്ത സെതല്‍വാദ് പോലിസ് കസ്റ്റഡിയിലാണ്. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.