ആയിഷ ലുലു; ഇസ്രായേല്‍ ക്രൂരതയുടെ ഒടുവിലത്തെ രക്തസാക്ഷി
കുട്ടിയോടൊപ്പം ആശുപത്രിയില്‍ കഴിയാന്‍ ഇസ്രായേല്‍ സൈന്യം മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയില്ല
ഗസ: ഫലസ്തീനെ കീറിമുറിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനിടെ ക്രൂരതയുടെ പല മുഖങ്ങളും കണ്ടിട്ടുണ്ട്. ലോകത്തെ തന്നെ കരയിപ്പിച്ച പല സംഭവങ്ങളും അതിലുണ്ട്. ഒരുപാട് യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും ഉമ്മമാരുടെയും ദീനരോദനങ്ങളും ചെറുത്തുനില്‍പിന്റെ ധീരോദാത്ത മാതൃകകളും അതിലുണ്ട്. ഇപ്പോള്‍, ഏറ്റവുമൊടുവില്‍ ലോകത്തെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രക്തസാക്ഷിയായ നാലു വയസ്സുകാരി ആയിഷ ലുലു ഏവരെയും നൊമ്പരപ്പെടുത്തുന്നതോടൊപ്പം ജൂതരാഷ്ട്രത്തിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവ് കൂടിയാവുകയാണ്. ഗുരുതരനായ രോഗം ബാധിച്ച് ആയിഷ ലുലുവിനെ തലച്ചോറിലെ ശസ്ത്രക്രിയയ്ക്കായി ജെറുസലേമിലെ ആശുപത്രിയിലെത്തിച്ചതായിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്ന് അവള്‍ മാതാപിതാക്കളെ കാണണമെന്ന് വാശി പിടിച്ച് കരഞ്ഞു. പക്ഷേ, കുട്ടിയോടൊപ്പം ആശുപത്രിയില്‍ കഴിയാന്‍ ഇസ്രായേല്‍ സൈന്യം മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയില്ല. പകരം ആയിഷയുടെ കുടുംബവുമായി യാതൊരു ബന്ധമില്ലാത്ത അപരിചിതനെയാണ് കുട്ടിയെ പരിചരിക്കാന്‍ നിയോഗിച്ചത്.
ഒരുമണിക്കൂര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കിലും ഉപരോധത്തിന്റെ പേരുപറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍. ഒരു പിഞ്ചുകുഞ്ഞിന്റെ രോഗക്കിടക്കയില്‍ നിന്നുള്ള ആഗ്രഹം പോലും സാധിച്ചുകൊടുക്കാന്‍ ഇസ്രായേല്‍ തയ്യാറായില്ല. ശസ്ത്രക്രിയ കഴിഞ്ഞ നാലു വയസ്സുകാരി പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. നീലക്കുപ്പായമിട്ട്, തലയില്‍ ബാന്‍ഡേജുമിട്ട്, ആശുപത്രിക്കിടക്കയില്‍ പുഞ്ചിരിച്ചു കൊണ്ട് കിടന്ന ആയിഷ ലുലു പിന്നീട് അബോധാവസ്ഥയിലായി. അവിടുന്ന് തിരികെ ഗസയിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും ഒരാഴ്ചയ്ക്കു ശേഷം മരണം അവളെ തട്ടിയെടുത്തു. ആശുപത്രി കിടക്കയിലെ ആയിഷ ലുലുവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. ആശുപത്രിയില്‍ അപരിചിതര്‍ക്കൊപ്പം മകളെ തനിച്ചാക്കി തിരിച്ചുവരുമ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയായിരുന്നുവെന്ന് ആയിഷ ലുലുവിന്റെ പിതാവ് വസീം ലുലു പറഞ്ഞു. ഗസയില്‍നിന്ന് ഒരുമണിക്കൂര്‍ യാത്രയേ ജറുസലേമിലേക്കുള്ളൂ. എന്നാല്‍, മറ്റേതോ ഗ്രഹത്തിലാണെന്ന അനുഭവമാണ് ഞങ്ങള്‍ക്ക് തോന്നിയതെന്നും അവര്‍ പറഞ്ഞു. ഫലസ്തീനില്‍ നിന്നുള്ള നിരവധി ഏകാന്ത രോഗികളെ ചികില്‍സിച്ചിട്ടുണ്ട്. എന്നാല്‍, ആയിഷ എന്റെ മനസ്സില്‍നിന്ന് മായുന്നില്ല. അവള്‍ ആരുമില്ലാത്തവളെ പോലെ തോന്നി. അവളുടെ മുഖം എന്നെ ഉലച്ചുകളഞ്ഞെന്നും ആയിഷയെ ചികിത്സിച്ച ജെറുസലേമിലെ ഡോക്ടര്‍ അഹമ്മദ് ഖന്‍ദാജ്കി പറഞ്ഞു.
ഗസ നിവാസികള്‍ ജെറുസലേമില്‍ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണമാണ് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പല അസുഖങ്ങള്‍ കാരണവും ജെറുസലേമിലെ സൗകര്യമുള്ള ആശുപത്രിയില്‍ ചികില്‍സയ്ക്കായി ഗസയില്‍നിന്ന് നിരവധി അപേക്ഷകളാണ് ദിനേന ലഭിക്കുന്നത്. എന്നാല്‍, വളരെ കുറച്ച് പേരുടെ അപേക്ഷ മാത്രമാണ് ഇസ്രായേല്‍ പരിഗണിക്കുക. ചികില്‍സിക്കുന്നവരെയാവട്ടെ കടുത്ത നിരീക്ഷണത്തിനും പരിശോധനകള്‍ക്കും വിധേയമാക്കുകയും ചെയ്യും. ആശുത്രിയില്‍ കൂട്ടിരിക്കാന്‍ ബന്ധുക്കളെ അനുവദിക്കുകയുമില്ല. കഴിഞ്ഞ റമദാന്‍ അവസാനം മസ്ജിദുല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതിനു പോലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരുന്നു.