ന്യൂഡല്‍ഹി: ബിഹാറിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായ പരസ്യവിമര്‍ശനത്തില്‍ പങ്കുചേര്‍ന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദും. മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചു രംഗത്തെത്തിയതിനെതിരേയാണ് സല്‍മാന്‍ ഖുര്‍ഷിദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ കടന്നാക്രമിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ മറ്റ് വിമര്‍ശകരുമായി ചേര്‍ന്ന് നേതൃമാറ്റത്തിനായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നവരെ ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ പാരമ്പര്യം മുതലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദ് വിവരിക്കുന്നത്. വിമര്‍ശകര്‍ തങ്ങളുടെ തന്നെ കുറവുകളിലേക്ക് നോക്കണമെന്നും അധികാരത്തില്‍ തിരിച്ചെത്താന്‍ കുറുക്കുവഴി നോക്കുന്നതിനേക്കാള്‍ നീണ്ട പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
'അധികാരത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് പൊതുജീവിതത്തില്‍ ആകസ്മികമായി സ്വീകരിക്കുകയല്ല, മറിച്ച് അത് തത്ത്വപരമായ രാഷ്ട്രീയത്തിന്റെ ഫലമാണെങ്കില്‍ അത് ബഹുമാനത്തോടെ സ്വീകരിക്കണം. അധികാരം വീണ്ടെടുക്കാന്‍ ഞങ്ങളുടെ തത്വങ്ങളുമായി വിട്ടുവീഴ്ച ചെയ്യാനാണ് തയ്യാറെടുക്കുന്നതെങ്കില്‍ ഞങ്ങളുടെ ബാഗുകള്‍ നന്നായി പായ്ക്ക് ചെയ്യുകയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കപില്‍ സിബലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പോസ്റ്റ്. ''കാലാനുസൃതമായി വിലയിരുത്തലുകളും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും പുനര്‍രചനയും ആവശ്യമാണ്. മാധ്യമങ്ങളിലൂടെ അവ നടത്താന്‍ കഴിയില്ല. അതിനാല്‍ എതിരാളികള്‍ക്ക് അറിയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വം ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്നും അതിനുള്ള ഒരു ശ്രമവും നടത്തുന്നില്ലെന്നുമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ തുറന്നടിച്ചത്. ആത്മപരിശോധനയ്ക്കുള്ള സമയം കഴിഞ്ഞു. ഞങ്ങള്‍ക്ക് ഉത്തരങ്ങള്‍ അറിയാം. കോണ്‍ഗ്രസ് ധൈര്യം കാട്ടണം. അവ തിരിച്ചറിയാന്‍ തയ്യാറാവണം. കോണ്‍ഗ്രസിനെ ജനങ്ങള്‍ ബിജെപിക്കു ബദലായി കാണുന്നില്ലെന്നും സിബല്‍ തുറന്നുപറഞ്ഞിരുന്നു. കപില്‍ സിബലിന്റെ പരസ്യവിമര്‍ശനത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് വിമര്‍ശിച്ചിരുന്നു. ആഭ്യന്തര പ്രശ്നം കപില്‍ സിബല്‍ മാധ്യമങ്ങളില്‍ പരാമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും അത് രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു അശോക് ഗെലോട്ടിന്റെ ട്വീറ്റ്.