ഹിന്ദുത്വവും ഐസിസും ഒന്നല്ല, പക്ഷേ, സമാനം; നിലപാടില്‍ വ്യക്തത വരുത്തി സല്‍മാന്‍ ഖുര്‍ഷിദ്

Update: 2021-11-14 02:15 GMT

ന്യൂഡല്‍ഹി: താന്‍ ഹിന്ദുത്വവും ഐസിസും തുല്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സമാനമാണെന്നാണ് തന്റെ അഭിപ്രായമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. 'അയോധ്യക്ക് മുകളിലെ സൂര്യോദയം: നമ്മുടെ കാലത്തെ ദേശീയത' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനെതിരേ സംഘപരിവാര്‍ പരാതിയുമായെത്തിയ സാഹചര്യത്തിലാണ് ഖുര്‍ഷിദ് തന്റെ അഭിപ്രായത്തില്‍ വ്യക്തത വരുത്തിയത്.

പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. 

യുപി സംഭാളിലെ കല്‍കി ധമില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഐസിസും ഹിന്ദുത്വവും തുല്യമല്ലെങ്കിലും പല നിലക്കും സമാനതകള്‍ പുലര്‍ത്തുന്നുവെന്ന് പറഞ്ഞത്. ഹിന്ദുമതത്തിന്റെ എതിരാളികള്‍ അതിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

'ഞാന്‍ കല്‍ക്കിധാം സന്ദര്‍ശിക്കുകയാണ്. ഏതെങ്കിലും മതവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ഇവിടെ വരുമായിരുന്നില്ല. ഹിന്ദുമതം ലോകത്ത് സമാധാനം പ്രചരിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'- അദ്ദേഹം പറഞ്ഞു. 'ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി തോന്നുന്നു, അവര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണ്, അവര്‍ സത്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു, അവരുടെ സത്യം വെളിപ്പെടുത്തുന്ന ഏത് പുസ്തകവും അവര്‍ നിരോധിക്കും'-അദ്ദേഹം തുടര്‍ന്നു. 

മുന്‍ വിദേശകാര്യ മന്ത്രിയാണ് സല്‍മാന്‍ ഖുര്‍ഷിദ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ ഉത്തര്‍പ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. 

Tags:    

Similar News