ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം; ബിജെപി നേതാവിന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു; അക്രമം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍

റിയോട്ടി പ്രദേശത്തെ ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും പോലിസ് സര്‍ക്കിള്‍ ഓഫിസറേയും മറ്റു പോലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

Update: 2020-10-15 18:23 GMT

ലക്‌നോ: ബല്ലിയ ഗ്രാമത്തില്‍ റേഷന്‍ ഷോപ്പുകള്‍ അനുവദിച്ചത് വിശദീകരിക്കാന്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ പ്രാദേശിക ബിജെപി നേതാവ് ഒരാളെ വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

റിയോട്ടി പ്രദേശത്തെ ദുര്‍ജാന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും പോലിസ് സര്‍ക്കിള്‍ ഓഫിസറേയും മറ്റു പോലിസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ഇരു വിഭാഗം തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ യോഗവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാവായ ധീരേന്ദ്ര പ്രതാപ് സിംഗ് 46കാരനായ ജയ് പ്രകാശിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. ബല്ലിയ ജില്ലയിലെ ബിജെപിയുടെ മുന്‍ സൈനികരുടെ യൂണിറ്റിന്റെ തലവനാണ് സിംഗ് എന്ന് ബെയ്‌രിയ എംഎല്‍എ സുരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ചന്ദ്രമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 20 ഓളം പേര്‍ക്കെതിരേ കേസെടുത്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടാരത്തിലായിരുന്നു ചര്‍ച്ച. അവിടെ അഡ്മിനിസ്‌ട്രേഷന്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ തടിച്ചുകൂടിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വെടിപൊട്ടിയതോടെ പരിഭ്രാന്തരായ ജനക്കൂട്ടം വയലില്‍ ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോസ്ഥരെ സസ്‌പെന്റ് ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും തെറ്റുകാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലത്ത് വന്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News