ചൈന വിമാന അപകടം: രണ്ടാം ദിനത്തിലും വിമാനത്തിലുണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താനായില്ല
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി അറിയിച്ചു
ബെയ്ജിങ്: രണ്ടാംദിനം നടത്തിയ തിരച്ചിലിലും ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി അറിയിച്ചു.123 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം, ഗുവാങ്ഷി മേഖലയിലെ വുഷൂ നഗരത്തിന് സമീപമാണ് തകര്‍ന്നുവീണത്.അപകടത്തെത്തുടര്‍ന്ന് മലയോരത്ത് ആഴത്തിലുള്ള കുഴി രൂപപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചയ്ക്ക് 1.11ന് പറന്നുയര്‍ന്ന വിമാനം 3.05ന് ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് 2.22ന് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.അപകടത്തിനു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒരു പതിറ്റാണ്ടിനിടെ ചൈനയിലുണ്ടായ വലിയ വ്യോമദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ചൈനയില്‍ വലിയ വിമാനദുരന്തമുണ്ടായത്. ഹെനാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇ190 ജെറ്റ് വിമാനം തകര്‍ന്ന്, 96 യാത്രക്കാരില്‍ 44 പേരും മരിച്ചിരുന്നു.