തകര്‍ന്നുവീണ ചൈനീസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ട് ദിവസത്തെ തിരച്ചിലിനുശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ചൈനീസ് വ്യോമയാന ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 132 പേരുമായി പറന്ന യാത്രാവിമാനത്തിലെ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണു റിപോര്‍ട്ട്. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് വുഷു നഗരത്തിന് സമീപം പര്‍വതമേഖലയില്‍ തകര്‍ന്നത്. തുടര്‍ന്ന് പ്രദേശത്ത് വന്‍ തീപ്പിടിത്തമുണ്ടായി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ അപകട കാരണത്തിലേക്ക് വിരല്‍ചൂണ്ടുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തകര്‍ന്ന നിലയിലാണ് രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് കണ്ടെത്തിയത്. വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്വേഷണത്തിനായി ഡാറ്റ വീണ്ടെടുക്കുന്നത് വലിയ വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്. എല്ലാ ആധുനിക വിമാനങ്ങളിലും രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ സജ്ജീകരിച്ചിരിക്കുന്നു കോക്ക്പിറ്റിലെ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ റെക്കോര്‍ഡുചെയ്യുന്ന കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍, ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, വേഗത, ഉയരം, പൈലറ്റുമാരുടെ നിയന്ത്രണങ്ങളില്‍ നിന്നുള്ള മറ്റെല്ലാ നിര്‍ദേശങ്ങള്‍ എന്നിങ്ങനെയുള്ള സുപ്രധാന പാരാമീറ്ററുകളാണ് ബ്ലാക്ക് ബോക്‌സ് രേഖപ്പെടുത്തുന്നത്.
രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഏതാണ് കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് ഇപ്പോഴും തിരച്ചിയില്‍ തുടരുകയാണ്. വിമാനം പറന്നുയര്‍ന്നതിനു ശേഷവും വേഗത്തില്‍ ഇറങ്ങുന്നതിന് മുമ്പും എയര്‍ കണ്‍ട്രോളര്‍മാര്‍ വിമാനവുമായി സാധാരണ ആശയവിനിമയം നടത്തിയിരുന്നതായി ചൈനയുടെ ഏവിയേഷന്‍ റെഗുലേറ്റര്‍ സിഎസിസി പറഞ്ഞു. അപകടസമയത്ത് വിമാനം സഞ്ചരിക്കുന്ന വ്യോമമേഖലയില്‍ മോശം കാലാവസ്ഥയായിരുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ അന്വേഷണ വിഭാഗം ഡയറക്ടര്‍ മാവോ യാന്‍ഫെങ് പറഞ്ഞു.
വിമാനം താഴേയ്ക്കു പതിക്കുന്നതുവരെ വിമാന ജീവനക്കാരും എയര്‍ ട്രാഫിക് കണ്‍ട്രോളും സാധാരണ നിലയിലാണ് ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്‍മിങ്ങില്‍നിന്നു ഗ്വാംഗ്ഷൂവിലേക്കു പറന്ന വിമാനമാണു തകര്‍ന്നുവീണത്. പ്രദേശിക സമയം ഉച്ചയ്ക്ക് 1.10നാണു വിമാനം പറന്നുയര്‍ന്നത്. 2.22നു വി മാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. 2.52നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ വിദേശികളാരുമില്ല.
123 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം മലനിരകളിലേക്കു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. അറുനൂറിലേറെ അഗ്‌നിശമനസേനാംഗങ്ങളും 23 ഫയര്‍ ട്രക്കുകളും അപകടസ്ഥലത്തെത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നടുക്കം രേഖപ്പെടുത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഷി ഉത്തരവിട്ടു. തകര്‍ന്ന വിമാനത്തിന്റെ ക്യാപ്റ്റനെ 2018 ല്‍ നിയമിച്ചതാണ്. 6,709 മണിക്കൂര്‍ പറക്കല്‍ അനുഭവ പരിചയമുണ്ടായിരുന്നയാളാണെന്ന് ചൈന വിശദീകരിക്കുന്നു.
ചൈനയുടെ മൂന്ന് പ്രധാന വിമാനക്കമ്പനികളിലൊന്നാണ് ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്. അപകടത്തെത്തുടര്‍ന്ന് ബോയിങ് 737800 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി. അപകടരഹിത റിക്കാര്‍ഡിന് ഉടമകളാണു ചൈനീസ് വിമാനക്കമ്പനികള്‍. ഫെബ്രുവരി 19നു ചൈനയുടെ വിമാനക്കമ്പനികള്‍ തുടര്‍ച്ചയായ 10 കോടി സുരക്ഷിത പറക്കല്‍ മണിക്കൂര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. 2010നു ശേഷം ചൈനയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് അഞ്ചിലേറെ പേര്‍ മരിച്ച സംഭവമുണ്ടായിട്ടില്ല. 2010ല്‍ ഹെയിലോങ് ജിയാങ് പ്രവിശ്യയിലെ യിചുനില്‍ വിമാനം തകര്‍ന്നുവീണ് 42 പേര്‍ മരിച്ചിരുന്നു. ഹെനാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ ഇ-190 ജെറ്റ് വിമാനമാണ് അന്ന് തകര്‍ന്നത്.