ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: മറ്റുകാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയില്ല; മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് പോലിസ്
സാജന്റെ കുടുംബത്തിനെതിരേ ഇപ്പോള്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അല്ലെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വ്യക്തമാക്കി.
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിന് പുറത്തുള്ള മറ്റ് കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം. സാജന്റെ കുടുംബത്തിനെതിരേ ഇപ്പോള്‍ നടന്നുവരുന്ന പ്രചാരണങ്ങള്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അല്ലെന്നും ഡിവൈഎസ്പി വിഎ കൃഷ്ണദാസ് വ്യക്തമാക്കി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷന്‍ സെന്ററിനു നഗരസഭ അനുമതി നിഷേധിച്ചതുമാത്രമല്ല കുടുംബകാര്യങ്ങളും ആത്മഹത്യയിലേക്ക് നയിച്ചെന്ന് ഫോണ്‍കോളുകള്‍ പരിശോധിച്ചതിലൂടെ പോലിസിന് വ്യക്തമായെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷ മാധ്യമങ്ങളും സൈബര്‍ സഖാക്കളും പ്രചരിപ്പിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ പ്രചാരണത്തിന് കൊഴുപ്പേകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിലപാട് വ്യക്തമാക്കിയത്.സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ പോലിസ് ഇടപെടന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നു.
പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന ഡിവൈഎസ്പി കൃഷ്ണകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോള്‍ നിര്‍വ്വഹിക്കുന്നതെന്നായിരുന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വിമര്‍ശിച്ചിരുന്നു.