സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സാജന്റെ കുടുംബത്തെ വഞ്ചിച്ചു: മുല്ലപ്പള്ളി
സാജന്റെ കുടുംബത്തെ തേജോവധം ചെയ്യുന്ന മനുഷ്യത്വഹീനമായ അപവാദ പ്രചാരണം നടത്തിയിട്ടും ഉറച്ച നിലപാട് സ്വീകരിച്ച ഭാര്യ ബീനയെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ സര്‍ക്കാരിന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയില്‍ കെട്ടിടനിര്‍മ്മാണം ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുക വഴി സര്‍ക്കാര്‍ ആ കുടുംബത്തെയും കേരളീയ പൊതുസമൂഹത്തേയും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തങ്ങള്‍ക്കെതിരേ തിരിയുന്നവരെ വൈരനിര്യാതന ബുദ്ധിയോടെയാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കൈകാര്യം ചെയ്യുന്നത്. സാജന്റെ കുടുംബത്തെ തേജോവധം ചെയ്യുന്ന മനുഷ്യത്വഹീനമായ അപവാദ പ്രചാരണം നടത്തിയിട്ടും ഉറച്ച നിലപാട് സ്വീകരിച്ച ഭാര്യ ബീനയെ മാനസികമായി പീഡിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ സര്‍ക്കാരിന്റെ സത്യവാങ്മൂലം. സാജന്റെ ആത്മഹത്യക്ക് വഴി വച്ച കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായതാണ്. അന്ന് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇപ്പോള്‍ ആ കുടുംബത്തെ ഹീനമായ രീതിയില്‍ വീണ്ടും വേട്ടയാടുന്നു.
എല്ലാ കുറ്റവും ആത്മഹത്യ ചെയ്ത സാജന്റെ ചുമലില്‍ കെട്ടിവച്ച് ആന്തൂര്‍ നഗരസഭാ അധ്യക്ഷയേയും ഉദ്യോഗസ്ഥരെയും വെള്ളപൂശാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. സാജന്‍ ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് വിടണമെന്ന് ബീനയുടെ ആവശ്യത്തോടും മുഖ്യമന്ത്രി മുഖംതിരിക്കുകയാണ്. കടുത്ത മനാസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന ബീനയേയും കുടുംബത്തേയും സംരക്ഷിക്കുന്നതിന് പകരം ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടി എല്ലാ അര്‍ത്ഥത്തിലും സ്ത്രീ പീഡനമാണ്.
ജനങ്ങളാണ് പരമാധികാരിയെന്ന് ഓര്‍ക്കണമെന്നും അവരുടെ പ്രശ്‌നങ്ങളാണ് ഫയലുകളുടെ രൂപത്തില്‍ അധികാരികളുടെ മുന്നിലെത്തുന്നതെന്നും ഉദ്യോഗസ്ഥരെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സാജന്റെ കുടുംബത്തോട് കാണിച്ചത് കടുത്ത അനീതിയാണ്. സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിച്ച സാജന്റെ കുടുംബത്തിന് നീതി നല്‍കിക്കൊണ്ടാകണം മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കേണ്ടത്. അല്ലാതെ വില കുറഞ്ഞ പ്രചരണത്തിനായി ഇത്തരം അധരവ്യായാമം നടത്തുകയല്ല വേണ്ടത്. സാജന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.