സാജന്റെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ പ്രേരണാ കുറ്റത്തിന് കേസെടുക്കണം-ചെന്നിത്തല
കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം.
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി കൊറ്റാളിയിലെ സാജന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും സന്ദര്‍ശിച്ചു. എം കെ മുനീര്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുഡിഎഫ് നേതാക്കളായ വി എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, അബ്ദുല്‍ കരീം ചേലേരി, കെ സുരേന്ദ്രന്‍, പ്രഫ. എ ഡി മുസ്തഫ, അഡ്വ. ടി ഒ മോഹനന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് ബക്കളത്തെ കണ്‍വന്‍ഷന്‍ സെന്ററിന് അന്തിമമായ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തിനുമായി ചെന്നിത്തല ഫോണില്‍ സംസാരിച്ചു. ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിലെ വിഭാഗീയതയാണു ആത്മഹത്യയ്ക്കു കാരണമെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭാ ചെയര്‍പേഴ്‌സണെ രക്ഷിക്കാനാണു ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. ചെയര്‍പേഴ്‌സന്‍ കാണിച്ച ധിക്കാരവും ധാര്‍ഷ്ട്യവും ആത്മഹത്യയ്ക്കു കാരണമായിട്ടുണ്ടെന്നതിനാല്‍ അവര്‍ക്കെതിരേ പ്രേരണാകുറ്റത്തിന് കേസ്സെടുക്കണം. ഒരു പാര്‍ട്ടിക്കാരന് ഇത്തരം അനുഭവമാണ് ഉണ്ടായതെങ്കില്‍ സാധാരണക്കാരന് എന്താവും സ്ഥിതി. നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്ന് അവരെ മാറ്റണം. കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. രണ്ടോമൂന്നോ ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്റ് ചെയ്യുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. അതിന്റെ യഥാര്‍ത്ഥ കുറ്റവാളിയെന്നത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ തന്നെയാണ്. അവരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായി നിലനില്‍ക്കും. ഉദ്യോഗസ്ഥരെ ഭരിക്കാന്‍ അധ്യക്ഷ കാണിച്ച ധിക്കാരവും ധാര്‍ഷ്ട്യവുമാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ചെന്നിത്തല പറഞ്ഞു.