ചീഫ് സെക്രട്ടറിയെ വിട്ടയക്കില്ല, കേന്ദ്രത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് ഞെട്ടിച്ചു; മോദിക്ക് കത്തയച്ച് മമത
ബന്ദോപാധ്യായയോട് തിങ്കളാഴ്ച രാവിലെ 10ന് ഡല്‍ഹിയില്‍ ഹാജരാവാനായിരുന്നു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്ന് കത്തില്‍ മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടി. യാസ് ചുഴലിക്കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗം മമതാ ബാനര്‍ജി ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രവുമായി വീണ്ടും പോര് തുടങ്ങിയത്. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി മോദിക്ക് അയച്ച കത്തില്‍ പറയുന്നു.
ബന്ദോപാധ്യായയോട് തിങ്കളാഴ്ച രാവിലെ 10ന് ഡല്‍ഹിയില്‍ ഹാജരാവാനായിരുന്നു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ തിരിച്ചയക്കാനാവില്ല. ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാരെടുത്ത തീരുമാനം പുനപ്പരിശോധിക്കണം. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല.
അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളുണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയും നോട്ടീസ് നല്‍കാതെയുമാണ് ഈ ദുഷ്‌കരസമയത്ത് ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടത്. ബംഗാളിലെ കൊവിഡ് സാഹചര്യം അംഗീകരിച്ച് നാല് ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ കാലാവധി നിങ്ങളുടെ സര്‍ക്കാര്‍ നീട്ടിനല്‍കിയതാണെന്നും മമത വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബാനര്‍ജി ഡല്‍ഹിയില്‍ ഇന്ന് ഹാജരായില്ല. അടിയന്തര യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും എത്താനാവില്ലെന്നും അലാപന്‍ ബാനര്‍ജി അറിയിച്ചതായാണ് വിവരം.
കേന്ദ്രസര്‍വീസിലേക്ക് തിരിച്ചുവിളിച്ച ആലാപന്‍ ബാനര്‍ജിയോട് ഇന്ന് നേരിട്ടെത്താനായിരുന്നു പേഴ്‌സനല്‍കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയും ഗവര്‍ണറും അരമണക്കൂര്‍ കാത്തിരുന്നിട്ടും മമത യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ബംഗാള്‍ സര്‍ക്കാരിനായി ചീഫ് സെക്രട്ടറിയാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. യാസ് ചുഴലിക്കാറ്റ് നാശനഷ്ടം സംബന്ധിച്ച റിപോര്‍ട്ട് കൈമാറിയശേഷം മറ്റൊരു യോഗമുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചശേഷം മമത മടങ്ങുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസം കൂട്ടി കേന്ദ്രം നീട്ടിനല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ബന്ദോപാധ്യയെ ഡല്‍ഹിയിലെ പേഴ്‌സനല്‍ മന്ത്രാലയത്തിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. നിയമപ്രകാരം ഡല്‍ഹിയിലേക്ക് തിരിച്ചയക്കുന്നതിനു മുമ്പ് മമത ബാനര്‍ജി സര്‍ക്കാരിന് ആദ്യം ചീഫ് സെക്രട്ടറിയെ ഒഴിവാക്കണമെന്നാണ് വ്യവസ്ഥ.