'സത്യമല്ല'; തന്റെ മരണ വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷാ ദഹിയ
വെടിയേറ്റ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി നിഷ ദാഹിയ ഇന്ന് വൈകുന്നേരം ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു.
ചണ്ഡിഗഡ്: ഹരിയാനയില്‍ വച്ച് താന്‍ വെടിയേറ്റ് മരിച്ചെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷാ ദഹിയ. വെടിയേറ്റ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി നിഷ ദാഹിയ ഇന്ന് വൈകുന്നേരം ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു.
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനൊപ്പം, സീനിയര്‍ ദേശീയ മീറ്റിനായി താന്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുണ്ടെന്ന് നിഷ വീഡിയോയില്‍ പറയുന്നു.
പിന്നീട്, ഗുസ്തി താരം സാക്ഷി മാലിക്കും 'അവള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന കാപ്ഷനില്‍ നിഷയുടെ ചിത്രം ട്വീറ്റ് ചെയ്തു,
കഴിഞ്ഞയാഴ്ച നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ നിഷ ദാഹിയയയും സഹോദരന്‍ സൂരജും ഇന്ന് സോനിപത്തിലെ സുശീല്‍ കുമാര്‍ റെസ്ലിംഗ് അക്കാദമിയില്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു.
നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും അമ്മ ധന്‍പതിക്കും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റെന്നും ഇവരെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു റിപോര്‍ട്ട്.