കേന്ദ്രം മുട്ടുമടക്കുന്നു: എന്‍പിആറിലെ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കി

പൗരന്‍മാരുടെ മാതാപിതാക്കളുടെ ജനന തീയതി, ജന്മ ദേശം, മാതൃഭാഷ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഒഴിവാക്കിയത്.

Update: 2020-08-24 18:39 GMT


ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ എതിര്‍പ്പിന് കാരണമായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച ചോദ്യാവലിയില്‍നിന്നു വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കി. പൗരന്‍മാരുടെ മാതാപിതാക്കളുടെ ജനന തീയതി, ജന്മ ദേശം, മാതൃഭാഷ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഒഴിവാക്കിയത്.

ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കമെന്ന് ആരോപിക്കപ്പെടുന്ന സെന്‍സസ് പ്രക്രിയയുമായി ബന്ധപ്പെട്ട ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ (എന്‍പിആര്‍) ചോദ്യാവലി അധികൃതര്‍ പുതുക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

എന്‍പിആറിലൂടെ താഴെ കാണിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ ഓഫിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ വ്യക്തമാക്കുന്നു.

വ്യക്തിയുടെ പേര്, കുടുംബനാഥനുമായുള്ള ബന്ധം, പിതാവിന്റെ പേര്, മാതാവിന്റെ പേര്, പങ്കാളിയുടെ പേര് (വിവാഹിതനാണെങ്കില്‍), ലിംഗം, ജന്മദിനം, വൈവാഹിക നില, ജനനസ്ഥലം, ദേശീയത (പ്രഖ്യാപിച്ചതുപോലെ), സാധാരണ താമസത്തിന്റെ ഇപ്പോഴത്തെ വിലാസം, നിലവിലെ വിലാസത്തില്‍ താമസിക്കുന്ന കാലാവധി, സ്ഥിരമായ പാര്‍പ്പിട വിലാസം , തൊഴില്‍/പ്രവര്‍ത്തനം, വിദ്യാഭ്യാസ യോഗ്യത എന്നിവയാണ് എന്‍പിആര്‍ വഴി ശേഖരിക്കേണ്ട ജനസംഖ്യാവിശദാംശങ്ങളുടെ പുതുക്കിയ ചോദ്യാവലിയിലുള്ളത്.

നേരത്തേയുണ്ടായിരുന്ന ചോദ്യാവലിയിലെ ഏറെ പഴി കേള്‍ക്കേണ്ടിവന്ന മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും മാതൃഭാഷയെക്കുറിച്ചുള്ള ചോദ്യങ്ങളും ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.

അതേസമയം, 'പ്രഖ്യാപിച്ചതു പോലെ' എന്നു പറയുന്ന ദേശീയതയെക്കുറിച്ചുള്ള പോയിന്റ് ഇപ്പോഴും ചോദ്യാവലയില്‍ നിലനില്‍ക്കുന്നുണ്ടെന്നത് അവഗണിക്കാനാവില്ല. പുതുക്കിയ ചോദ്യാവലിയില്‍ പൗരന്‍മാരുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തുന്നത് തുടരുന്നുവെന്നതും ശ്രദ്ധേയമാണ്. 2010ലെ പതിപ്പിനേക്കാള്‍ കൂടുതല്‍ ഡാറ്റ ശേഖരണത്തിനാണ് പുതിയ ഫോര്‍മാറ്റിലുള്ള എന്‍പിആര്‍ ശ്രമിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകത്തില്‍ ദേശീയതയേയും മാതൃഭാഷയേയും കുറിച്ച് പ്രത്യേക കുറിപ്പുകള്‍ എങ്ങിനെയാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുന്നുണ്ട്.

'ദേശീയത' വിഭാഗത്തിലെ പ്രത്യേക കുറിപ്പ് പ്രകാരം ചോദ്യാവലിയോട് പ്രതികരിക്കുന്ന വ്യക്തി പ്രഖ്യാപിക്കുന്നതാണ് ദേശീയതയെന്നും എന്നാല്‍ ഇന്ത്യന്‍ പൗരത്വത്തിനുള്ള അവകാശം അതുനല്‍കുന്നില്ലെന്നും വ്യക്തമായി പറയുന്നുണ്ട്.

'മാതൃഭാഷ' വിഭാഗത്തിനും കീഴിലും ഇത്തരത്തിലുള്ള ഒരു അനുബന്ധ കുറിപ്പ് നല്‍കിയിട്ടുണ്ട്.

'ഏതെങ്കിലും സംഘടിത മുന്നേറ്റങ്ങള്‍ കാരണമായി ഏതെങ്കിലും പ്രദേശത്ത് മാതൃഭാഷ തിരിച്ചുവരില്ലെന്ന് സംശയിക്കാന്‍ നിങ്ങള്‍ക്ക് കാരണങ്ങളുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി നിങ്ങളുടെ സൂപ്പര്‍വൈസറി ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നാണ്' കുറിപ്പില്‍ വ്യക്തമാക്കുന്നത്.


Tags:    

Similar News